പട്ന: യാഗം നടത്തിയാല്‍ മഴ പെയ്യും എന്ന് വിശ്വസിക്കുന്നവരുണ്ട്. പ്രാര്‍ത്ഥിച്ചാലും പൂജ നടത്തിയാലും മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനാകുമെന്ന് കരുതുന്നവരുണ്ട്. മധ്യപ്രദേശിലെ ഒരു ബിജെപി മന്ത്രി തവളകളെ കല്യാണം കഴിപ്പിച്ച് മഴ പെയ്യിക്കാന്‍ ശ്രമിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ മഴ പെയ്യിക്കാനായി മറ്റൊരു കടുംകൈ ആണ് ബിഹാറില്‍ നിന്നുളള ജനങ്ങള്‍ ചെയ്തത്. ഇത്തവണത്തെ മണ്‍സൂണില്‍ 42 ശതമാനത്തോളം മഴ ലഭ്യത കുറഞ്ഞ ബിഹാറില്‍ തവളകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് ചെയ്തത്.

‘ബെന്‍ഗ് കുത്‍നി’ എന്ന ആചാരപ്രകാരം തവളകളെ ഞെരിച്ചുകൊല്ലുകയാണ് ചെയ്യുന്നത്. മഴ കിട്ടാത്ത അഞ്ച് ജില്ലകളിലാണ് ഇത്തരത്തില്‍ ആയിരക്കണക്കിന് തവളകളെ കൊന്നൊടുക്കിയത്. മഗദ്-ഗയ, ജെഹനബാദ്. ഔറംഗാബാദ്, നവാദ, ആര്‍വാള്‍ എന്നീ ജില്ലകളിലെ കര്‍ഷകരാണ് ഈ ആചാരം ചെയ്യുന്നത്. ഈ മണ്‍സൂണില്‍ മഴ കുറച്ച് മാത്രമെ ലഭിക്കുന്ന എന്ന കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ പ്രവചനം കര്‍ഷകരെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

പുരാതനമായ ആചാരമാണ് ബെന്‍ഗ് കു‍ത്‍നി എന്നത്. ഗ്രാമത്തിലെ സ്ത്രീകളുടെ സംഘം ആദ്യം ഒരു കുഴി കുത്തും. ഗ്രാമത്തിലെ എല്ലാ കിണറുകളിലേയും വെള്ളം ശേഖരിച്ച് ഈ കുഴിയില്‍ നിറക്കും. തുടര്‍ന്ന് അടുത്തുളള പാടത്തും പറമ്പത്തും നിന്നും ജീവനുളള തവളകളെ പിടിച്ച് കൊണ്ടു വന്ന് ഈ കുഴിയില്‍ ഇടും. തുടര്‍ന്ന് ഇവയെ ഞെരിച്ച് കൊലപ്പെടുത്തും. ചത്ത തവളകളെ കൊണ്ട് ഒരു മാലയുണ്ടാക്കുകയാണ് അടുത്ത പടി. തുടര്‍ന്ന് ‘തവളമാല’ ഒരാള്‍ കഴുത്തിലണിഞ്ഞ് ഗ്രാമവാസികളെ ശകാരിക്കും. എത്ര നന്നായി ശകാരിക്കുന്നുവോ അത്രയും നല്ല മഴ ലഭിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

മഴദൈവത്തെ പ്രസാദിപ്പിക്കാനായി രാജ്യത്തിന്റെ പലഭാഗത്തും ഇത്തരത്തിലുളള ആചാരങ്ങള്‍ നടക്കുന്നുണ്ട്. ബിഹാറിലെ 37 ജില്ലകളില്‍ 22 ഇടത്തും മഴ വളരെ കുറച്ച് മാത്രമെ ലഭിച്ചിട്ടുള്ളൂ. ആറ് ജില്ലകളില്‍ മാത്രമാണ് നല്ല മഴ ലഭിച്ചത്.

മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ വ്യത്യസ്തമായ ഒരു ആചാരമാണ് മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായി കഴിഞ്ഞയാഴ്ച നടത്തിയത്. രണ്ട് തവളകളുടെ കല്യാണം. വനിത ശിശുക്ഷേമ മന്ത്രി ലളിത യാദവ് ആണ് തവള കല്യാണം നടത്തിയത്. ഛത്തര്‍പൂരിലെ ഒരു ക്ഷേത്രത്തില്‍. മന്ത്രിമാരും പ്രാദേശിക ബിജെപി നേതാക്കളും ചേര്‍ന്ന് ആഷാഢ് ഉത്സവ് സംഘടിപ്പിച്ചു. തവളകളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ പുരോഹിതനുണ്ടായിരുന്നു. വിവാഹത്തിന് ശേഷം സമൃദ്ധമായ സദ്യ. നൂറുകണക്കിനാളുകള്‍ കല്യാണം കൂടാനെത്തി. ബിജെപി മന്ത്രിയുടെ തവള കല്യാണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook