ദുബായ്: മൂന്ന് ദിവസം നീണ്ടു നിന്ന യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുമ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ പൊതു കുര്‍ബാന അര്‍പ്പിച്ചു. യുഎഇ സമയം രാവിലെ 10.30ന് ആരംഭിച്ച കുര്‍ബാനയില്‍ 1,35,000 വിശ്വാസികളാണ് പങ്കെടുത്തത്. ഗള്‍ഫിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമൂഹ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയാണ് മാര്‍പാപ്പ മടങ്ങുന്നത്.

കൃത്യം 10.30ന് തന്നെ മാര്‍പാപ്പ അള്‍ത്താരയിലെത്തി. നൂറിലധികം ഗായകരടങ്ങുന്ന സംഘമാണ് പ്രാര്‍ത്ഥന ഗീതം ആലപിച്ചത്. മാര്‍പാപ്പ അര്‍പ്പിക്കുന്ന കുര്‍ബാന കൈക്കൊള്ളാന്‍ സാധിച്ചത് തങ്ങള്‍ക്ക് ലഭിച്ച ആദരമാണെന്ന് ഫാദര്‍ റൈസാര്‍ഡ് പറഞ്ഞു. കുര്‍ബാന കൈക്കൊള്ളാന്‍ എത്തിയ വിശ്വാസികളില്‍ ഭൂരിഭാഗവും വൈകാരികമായ അവസ്ഥയിലായിരുന്നു.

ദൈവത്തിന്റെ സ്‌നേഹമെന്നാല്‍ ആര്‍ക്കും, ഒരു സാഹചര്യത്തിനും നമ്മില്‍ നിന്നും തട്ടിക്കളയാന്‍ സാധിക്കാത്തതാണെന്ന് മാര്‍പാപ്പ പറഞ്ഞു. വേദനയിലും നമുക്ക് സമാധാനം തരുന്ന സന്തോഷമാണ് ആ സ്‌നേഹമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാര്‍ത്ഥന നടക്കുന്ന സദസിലെത്താന്‍ കഴിയാത്ത നിരവധി ആളുകള്‍ സ്റ്റേഡിയത്തിന് പുറത്ത് നിന്നു കൊണ്ട് അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടു.

സയിദ് സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക് മാര്‍പാപ്പ പ്രവേശിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ വാഹനത്തിന് അടുത്തേയ്ക്ക് ഒരു കൊച്ചു പെണ്‍കുട്ടി ഓടി വരികയും മാര്‍പാപ്പയ്ക്ക് കത്തു നല്‍കുകയും ചെയ്തു.

സമൂഹ കുര്‍ബാനയുടെ ഭാഗമായി സയിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലേക്കുള്ള റോഡുകള്‍ അടച്ചിട്ടു. ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റ്, സെയ്ഫ് ഗൊബാഷ് സ്ട്രീറ്റ് എന്നീ റോഡുകള്‍ പുലര്‍ച്ചെ 12 മുതല്‍ വൈകിട്ട് ആറു വരെയാണ് അടച്ചിടുക. അബുദാബി ഐലന്‍ഡിലേക്ക് ചൊവ്വ വൈകിട്ട് രാവിലെ ആറു വരെ ട്രക്കുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. 2500ഓളം ബസുകളിലായാണ് വിശ്വാസികളെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി പൊതുസമ്മേളനത്തിന് എത്തിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ