കലിഫോർണിയ: യുഎസിലെ ഒറോവില്ലേ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നു. അണക്കെട്ടിന്റെ സ്പിൽവേകളിലൊന്ന് തകരാറിലായതാണ് കാരണം. സ്പിൽവേയിലെ തകരാർ പരിഹരിക്കാൻ കഴിയാതെ വന്നാൽ അണക്കെട്ട് തകർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. 188,000 ലധികം പേരെ ഇതിനോടകം ഒഴിപ്പിച്ചു. യുഎസിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടാണ് ഒറോവില്ലേ.

ഡാമിന്റെ പദ്ധതി പ്രദേശത്തുമാത്രം 16,260 ലധികം പേർ താമസിക്കുന്നുണ്ട്. ഇതിൽ ഒട്ടേറെ ഇന്ത്യൻ വംശജരുമുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. അണക്കെട്ടിന്റെ സ്പിൽവേ തകരുമെന്നാണ് കലിഫോർണിയയിലെ ജല അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചത്. പിന്നാലെ സ്പിൽവേയിലെ തകരാർ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അറിയിച്ചു.

കനത്ത മഴയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. 230 മീറ്റർ സംഭരണശേഷിയാണ് അണക്കെട്ടിനുള്ളത്. 770 അടി ഉയരമുള്ള അണക്കെട്ട് 1962 നിർമാണം തുടങ്ങിയത്. 1968 ലാണ് പൂർത്തിയായത്. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമാണ് പ്രധാനമായും അണക്കെട്ടിലെ വെളളം ഉപയോഗിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ