വത്തിക്കാൻ: കാലം ചെയ്ത ബെനഡിക്ട് പതിനാറാമന് വിട ചൊല്ലി ലോകം. ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം ബസിലിക്കയുടെ നിലവറയിലടക്കി. അന്ത്യകര്‍മ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മുഖ്യകാര്‍മികത്വം വഹിച്ചത്.
400 ബിഷപ്പുമാരും നാലായിരത്തോളം വൈദികരും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു. ഇറ്റലി, ജര്‍മനി, ബെല്‍ജിയം തുടങ്ങി 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ ചടങ്ങിനെത്തി. കേരളത്തിൽനിന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലീമീസ് കാതോലിക്കാബാവാ, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര തുടങ്ങിയവരും സംസ്കാരശുശ്രൂഷയില്‍ പങ്കെടുത്തു.
വാര്‍ധക്യസഹജമായ അസുഖംമൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കഴിഞ്ഞ ശനിയാഴ്ചയാണ് കാലം ചെയ്തത്. വത്തിക്കാനിലെ മാറ്റര്‍ എസ്‌ക്ലേഷ്യ ആശ്രമത്തിലായിരുന്നു അന്ത്യം.
2005-ല്‍ 78-ാം വയസിലാണ് അദ്ദേഹം മാര്‍പാപ്പയായി സ്ഥാനമേറ്റത്. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 നു സ്ഥാനമേറ്റ അദ്ദേഹം എട്ടു വർഷത്തിനുശേഷം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 നാണു സ്ഥാനത്യാഗം ചെയ്തത്. ആറു നൂറ്റാണ്ടിനിടെ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം.
ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രായംകൂടിയ മാര്‍പാപ്പയായിരുന്നു അദ്ദേഹം. 1415-ല്‍ ഗ്രിഗറി പന്ത്രണ്ടാമനു ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ പോപ്പാണ് ബെനഡിക്ട് പതിനാറാമന്‍. 2005 മുതല്‍ 2013വരെ കത്തോലിക്ക സഭയെ നയിച്ചു. ആധുനികാലത്ത് സ്ഥാനത്യാഗം ചെയ്ത ഏക മാര്‍പാപ്പായാണ്.