വലെന്‍സിയ: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബം പുഴയില്‍ ഒലിച്ചുപോയതായി സംശയം. സന്ദീപ്‌ (42), സൗമ്യ (38), സിദ്ധാന്ത് (12), സാച്ചി (9) എന്നിവരടങ്ങുന്ന തോട്ടപ്പിള്ളി കുടുംബത്തെയാണ് ഏപ്രില്‍ അഞ്ചാം തീയതി മുതല്‍ കാണാതായത്. വലെന്‍സിയയില്‍ നിന്നും പോര്‍ട്ട്‌ലാന്‍ഡിലേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ കാണാതായതായുള്ള പരാതിയെ തുടര്‍ന്ന് പൊലീസ് തിരച്ചിലിലായിരുന്നു. കാലിഫോര്‍ണിയക്കടുത്ത ഈല്‍ നദിയില്‍ അവരുടേതിന് സമാനമായ എസ്‌യുവി കാര്‍ ഒലിച്ചുപോയതായാണ് ഇപ്പോള്‍ കാലിഫോര്‍ണിയ പൊലീസ് സ്ഥിരീകരിക്കുന്നത്.

“വെള്ളിയാഴ്ചയാണ് ഈല്‍ നദിയില്‍ വാഹനം ഒലിച്ചുപോയെന്ന റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. കനത്ത മഴ കാരണം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി കിടന്ന നിലയിലായിരുന്നു വാഹനം. 2016-2017ല്‍ ഇറങ്ങിയ ഹോണ്ട പൈലറ്റിന്റെ മറൂണ്‍ കളര്‍ കാറായിരുന്നു ഒലിച്ചുപോയത് എന്നാണ് ഞങ്ങള്‍ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ട് ” കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ ഓഫീസറായ വില്യം വണ്ടര്‍ലിച്ച് പറഞ്ഞു.


സുഷമ സ്വരാജിന്റെ ട്വീറ്റ്

സമാനമായ കാറിലാണ് തോട്ടപ്പിള്ളി കുടുംബം സഞ്ചരിച്ചിരുന്നത്. സാന്റാക്ലാരിറ്റയില്‍ നിന്നും ഒറേഗോണിലേക്ക് റോഡ്‌ ട്രിപ്പ്‌ പോയതായിരുന്നു കുടുംബം. വ്യാഴാഴ്ചവരെ ഇന്ത്യയിലുള്ള കുടുംബവുമായി നാലുപേരും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച സാന്‍ ഫ്രാന്‍സിസ്കോയിലെ ഒരു ബന്ധുവിനെ സന്ദര്‍ശിക്കേണ്ടിയിരുന്ന തോട്ടപ്പിള്ളി കുടുംബാംഗങ്ങള്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ്‌ ബന്ധുക്കളും സുഹൃത്തുക്കളും ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിക്കുന്നത്.

യൂണിയന്‍ ബാങ്ക് ട്രഷറി ടെക്നോളജി വൈസ് പ്രസിഡന്റ് ആയ സന്ദീപ്‌ തോട്ടപ്പിള്ളിയുടെ അച്ഛനും അമ്മയും ഗുജറാത്തിലാണ് കഴിയുന്നത്. ഗുജറാത്ത് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം നേരത്തെ കൊഗ്നിസെന്റ്‌ ടെക്നോളജിയിലും ജോലിയെടുത്തിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽനിന്നും മനസിലാകുന്നത്.

മകനെയും കുടുംബത്തേയും കാണാതായതിനെ തുടര്‍ന്ന് സന്ദീപിന്റെ അച്ഛന്‍ തോട്ടപ്പിള്ളി ബാബു സുബ്രഹ്മണ്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി അമേരിക്കന്‍ പൊലീസിനെ ബന്ധപ്പെടും എന്നും കഴിയുന്ന സഹായങ്ങള്‍ ചെയ്യുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിരുന്നു.

ഇന്നലെ രാത്രിയോടെയാണ് ഈല്‍ നദിയില്‍ സമാനമായ കാര്‍ ഒലിച്ചുപോകുന്നതായി കണ്ടെന്ന കാലിഫോര്‍ണിയ പൊലീസിന്റെ റിപ്പോര്‍ട്ട് വരുന്നത്. ഇവര്‍ സഞ്ചരിച്ചു എന്ന്‍ പറയപ്പെടുന്ന ഹോണ്ട പൈലറ്റ്‌ കാറിനായ് ഈല്‍ നദിയില്‍ രക്ഷാപ്രവര്‍ത്തകരുടേയും പൊലീസിന്റെയും തിരച്ചില്‍ നടക്കുന്നുണ്ട്.

കുടുംബത്തെ കാണാതായ ഇടം മനസിലാക്കുന്നതിനായി സെല്‍ഫോണ്‍ നെറ്റ്‌വര്‍ക്ക് ദാതാക്കളുമായി ബന്ധപ്പെട്ട് ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് ലൊസാഞ്ചൽസ് പൊലീസ് അധികാരികള്‍ അറിയിച്ചതായി സാന്‍ഫ്രാന്‍സിസ്കോ സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലാമത്തിലെ റെഡ്‌വുഡ് ദേശീയ പാര്‍ക്ക് വരെ കുടുംബം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

കുടുംബത്തിനായുള്ള തിരച്ചില്‍ പുരോഗമിക്കുമ്പോള്‍ തന്നെ സാന്റാക്ലാറിറ്റയിലെ തോട്ടപ്പിള്ളി കുടുംബത്തിന്റെ വീട്ടിന് മുന്‍പില്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രത്യാശയോടെ കാത്തിരിക്കുകയാണ് അയല്‍വാസികള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ