വാഷിംങ്ടണ്‍: 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ പിടികൂടുന്നതിനായി അമേരിക്ക വീണ്ടും പ്രതിഫലം പ്രഖ്യാപിച്ചു. കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5 മില്യണ്‍ ഡോളര്‍ (ഏകദേശം 35 കോടി രൂപ) ആണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ പ്രഖ്യാപിച്ചത്. ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം ഇന്ന് ആചരിക്കവെയാണ് അമേരിക്കയുടെ പ്രഖ്യാപനം വന്നത്. 166 പേര്‍ കൊല്ലപ്പെട്ട അക്രമത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.
‘ഭീകാരാക്രമണം നടന്ന് 10 വര്‍ഷമായിട്ടും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടില്ല എന്നത് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടുളള അധിക്ഷേപമാണ്. അക്രമത്തിന് പിന്നിലുളള ഭീകരസംഘടനയായ ലഷ്കര്‍-ഇ ത്വയ്ബ അടക്കമുളള സംഘടനകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് പാക്കിസ്ഥാന്‍ അടക്കമുളള രാജ്യങ്ങളോട് ആവശ്യപ്പെടുകയാണ്. ഇരകളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ഞങ്ങള്‍. ആറ് അമേരിക്കക്കാരും അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു,’ പോംപെ പറഞ്ഞു.
നീതിക്ക് വേണ്ടിയുളള പ്രതിഫലം എന്ന പദ്ധതി പ്രകാരമാണ് 5 മില്യണ്‍ ഡോളര്‍ അമേരിക്ക പ്രഖ്യാപിച്ചത്. ‘അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുകയോ, സഹായിക്കുകയോ, കൂട്ടു നില്‍ക്കുകയോ ചെയ്ത ഏത് രാജ്യത്തെ ആളായാലും, അയാളെ അറസ്റ്റ് ചെയ്യാനോ ശിക്ഷിക്കാനോ സഹായിക്കുകയോ വിവരങ്ങള്‍ കൈമാറുകയോ ചെയ്യുന്നവര്‍ക്ക് 5 മില്യണ്‍ ഡോളര്‍ പ്രതിഫലം നല്‍കും’, എന്നാണ് പ്രസ്താവനയില്‍ സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കുന്നത്.
ഇത് മൂന്നാം തവണയാണ് മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്ക പ്രതിഫലം പ്രഖ്യാപിക്കുന്നത്. ലഷ്കര്‍ തലവന്‍ ഹാഫിസ് സയീദിന്റെ തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ അമേരിക്ക നേരത്തേ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ലഷ്കര്‍ ഭീകരനായ ഹാഫിസ് അബ്ദുല്‍ റഹ്മാന്‍ മക്കിയുടെ തലയ്ക്ക് 2 മില്യണ്‍ ഡോളറും പ്രഖ്യാപിച്ചിരുന്നു.