വാരണാസി: 2024 ആവുമ്പോഴേക്കും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകും എന്നവകാശപ്പെട്ടതിന് ഒരു മാസത്തിനിപ്പുറം മറ്റൊരു പരാമര്‍ശത്തിലൂടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബൈരിയ എംഎല്‍എയായ സുരേന്ദ്ര സിങ്. ‘ഭാരത് മാതാ കി ജയ്‌’ വിളിക്കാത്തവരെല്ലാം പാക്കിസ്ഥാനികളാണ് എന്നാണ് എംഎല്‍എ അഭിപ്രായപ്പെട്ടത്.

“ആരാണ് എ.പി.ജെ.അബ്ദുല്‍ കലാമിന്‍റെ വിശ്വാസങ്ങളെ ബഹുമാനിച്ചത് ? ബിജെപിയാണ്.. പക്ഷെ നിയമസഭയില്‍ ‘ഭാരത്‌ മാതാ കി ജയ്‌’ എന്ന് പറയാത്തവരെ തീര്‍ച്ചയായും ഞാന്‍ പാക്കിസ്ഥാനികള്‍ എന്ന് വിളിക്കും… നമ്മുടെ ആള്‍ക്കാരെ വെടിവച്ച് കൊല്ലുന്ന പാക്കിസ്ഥാനികളാണ് അവര്‍ എന്നാണ് ഞാന്‍ പറയുക. ” ബല്ലിയയിലെ രത്സദില്‍ കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ട് എംഎല്‍എ പറഞ്ഞു.

“ഈ ഭൂമിയില്‍ ജനിച്ചിട്ട്‌ ഇവിടത്തെ വിഭവങ്ങള്‍ ആസ്വദിച്ചിട്ടും അതിനെ മാതാവ് എന്ന് വിളിക്കാന്‍ തയ്യാറാകാത്ത ആളുകള്‍ ഉണ്ട് എങ്കില്‍ അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടണം… അങ്ങനെയുള്ളവര്‍ ഇന്ത്യയില്‍ ജീവിക്കേണ്ടതില്ല. ഇന്ത്യയെ ബഹുമാനിക്കാതെ പാക്കിസ്ഥാനെയും ബംഗ്ലാദേശിനേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ ഇന്ത്യ വിട്ട് പോകണം” സുരേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.

‘ഭാരത്‌ മാതാ കി ജയ്’ ‘വന്ദേ മാതരം’ എന്നിവ പറയാത്തവര്‍ക്ക് രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ യോഗ്യതയില്ല എന്നാണ് എംഎല്‍എ പറഞ്ഞത്.

താനത് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവച്ച് സംസാരിച്ചതല്ല എന്നായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിച്ചപ്പോള്‍ സുരേന്ദ്ര സിങ് നല്‍കിയ വിശദീകരണം. “ഹിന്ദുവോ മുസ്‌ലിമോ സിഖോ ക്രിസ്ത്യാനിയോ ആരുമായിക്കൊള്ളട്ടെ. ‘ഭാരത്‌ മാതാ കി ജയ്’ എന്ന് പറയാന്‍ പ്രശ്നമുള്ളവര്‍ പാക്കിസ്ഥാനികളാണ്. രാജ്യസ്നേഹികളായ ധാരാളം മുസ്ലീങ്ങള്‍ ഉണ്ട്. എ.പി.ജെ.അബ്ദുല്‍ കലാമിനെ പോലുള്ളവരെ ബിജെപി ബഹുമാനിക്കുന്നുണ്ട്. പക്ഷെ കശാപ്പുകാരെപ്പോലെ പെരുമാറുന്നവരോട് ഹിംസാത്മകമായി തന്നെയാകും ബിജെപി പെരുമാറുക” സുരേന്ദ്ര സിങ് പറഞ്ഞു.

‘ഭാരത്‌ മാതാ കി ജയ്‌’ പറയാന്‍ തയ്യാറാകാത്ത ഉത്തര്‍പ്രദേശിലെ ചില എംഎല്‍എമാര്‍ക്കും രാഷ്ട്രീയകാര്‍ക്കും ഉള്ള മറുപടിയാണ് താന്‍ പറഞ്ഞത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഭരണഘടന അനുസരിക്കാത്തവരുടെയൊക്കെ സ്ഥാനം ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുറത്താണ്. ” ബിജെപി എംഎൽഎ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook