ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളോടുള്ള എതിർപ്പ് അവസാനിപ്പിക്കാൻ മുന്നോട്ടുവച്ച ഇളവുകൾ കർഷക സംഘടനകൾ നിരസിച്ചതോടെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിമർശനവുമായി കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമർ. നിഷ്കളങ്കരായ കർഷകരെ പ്രതിപക്ഷം രാഷ്ട്രീയ കളിപ്പാട്ടങ്ങൾ ആക്കുകയാണെന്ന് തോമർ ആരോപിച്ചു.

കർഷകസമരത്തിനെതിരെ രൂക്ഷവിമർശനമാണ് നരേന്ദ്ര സിങ് തോമർ നടത്തിയത്. തുറന്ന കത്തിലാണ് കൃഷിമന്ത്രിയുടെ വിമർശനം. കർഷക യൂണിയനുകളുമായുള്ള സർക്കാറിന്റെ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മന്ത്രി “ഇന്ത്യൻ ഉൽ‌പ്പന്നങ്ങൾ” ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തെക്കുറിച്ചും പരാമർശിച്ചു. ചില യൂണിയനുകൾ അംബാനി, അദാനി ഗ്രൂപ്പുകളുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

“ആത്മനിഭർ ഭാരത് എന്ന ദൃഢനിശ്ചയത്തോടെ രാജ്യം മുന്നേറുന്ന ഒരു ഘട്ടത്തിൽ, ഇന്ത്യയുടെ ഉൽ‌പ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത ഈ ആളുകളുടെ ഉദ്ദേശ്യം തിരിച്ചറിയണം,” അദ്ദേഹം പറഞ്ഞു.

തോമറിന്റെ കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി റീട്വീറ്റ് ചെയ്തു, മന്ത്രി തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചതായും കർഷകരുമായി വിനീത സംഭാഷണം നടത്താൻ ശ്രമിച്ചതായും പറഞ്ഞു. കത്ത് വായിക്കാൻ എല്ലാ “അന്നദത്ത” കളോടും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ കത്ത് കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദിയിലെ തന്റെ 8 പേജുള്ള കത്തിൽ തോമർ ഇങ്ങനെ പറഞ്ഞു: “ലേ-ലഡാക്കിന്റെ അതിർത്തിയിലെ സുരക്ഷാ സാഹചര്യം വെല്ലുവിളിയാകുകയും മഞ്ഞുവീഴ്ച ശക്തമാകുകയും ചെയ്യുമ്പോൾ, അതിർത്തികളിൽ സൈനികർക്ക് സാധനങ്ങൾ എത്തിക്കുന്ന ട്രെയിനുകൾ തടയുന്നവർ ഒരിക്കലും കർഷകരല്ല.”

“ഈ ആളുകൾ കാരണം, നമ്മുടെ സൈനികർക്ക് വിമാനവും മറ്റ് മാർഗങ്ങളും വഴി സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കേണ്ട സാഹചര്യമാണ്,” അദ്ദേഹം പറഞ്ഞു.

സമരം അവസാനിപ്പിക്കാൻ ഒരുക്കമല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ. സുപ്രീംകോടതി നിർദ്ദേശപ്രകാരം സർക്കാർ ആദ്യം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവട്ടെ എന്നാണ് കർഷകരുടെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook