ന്യൂഡൽഹി: സൈന്യത്തിൽ ചേർന്നാൽ മരിക്കേണ്ടി വരുമെന്ന് ബിജെപി എംപിയുടെ വിവാദ പ്രസ്താവന. കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ 5 സൈനികർ കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ബിജെപി എംപി നേപ്പാൾ സിങ്ങിന്റെ പരാമർശം. പ്രസ്താവന വിവാദമായതോടെ എംപി മാപ്പു പറഞ്ഞു.

സൈനികർ ദിവസവും മരിക്കുന്നു. സൈന്യത്തിൽ ചേർന്നാൽ മരിക്കേണ്ടി വരും. മറ്റു രാജ്യങ്ങളുമായുളള പോരാട്ടത്തിൽ സൈനികർ മരിക്കാത്ത ഇന്ത്യയെപ്പോലെ മറ്റൊരു രാജ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഒരു ഗ്രാമത്തില്‍ ചെറിയൊരു അടിപിടി ഉണ്ടായാല്‍പോലും ഒരാള്‍ക്കെങ്കിലും പരുക്കേൽക്കാറുണ്ട്. സൈനികരുടെ ജീവൻ രക്ഷിക്കാനുളള ഉപകരണം ഒരു രാജ്യവും വികസിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ എംപി ക്ഷമ ചോദിച്ച് രംഗത്തെത്തി. ബുളളറ്റുകളിൽനിന്നും സൈനികരെ രക്ഷപ്പെടുത്താൻ ശാസ്ത്രജ്ഞർ പുതിയ ഉപകരണങ്ങൾ കണ്ടുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഞാൻ ഉദ്ദേശിച്ചത്. സൈനികരെ അപമാനിക്കാൻ ഞാനൊരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഞാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. അതിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 5 സൈനികരാണ് വീരമൃത്യു വരിച്ചത്. 3 ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. പാക് ഭീകരസംഘടനയായ ജെയ്ഫെ മുഹമ്മദ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ