ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തില്‍ പൊലീസ് നടത്തിയ വെടിവയ്‌പിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ടെലിവിഷന്‍ നടി നിലാനിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പൊലീസ് യൂണിഫോമില്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി വീഡിയോ തയ്യാറാക്കി സംഘടിക്കാന്‍ ആഹ്വാനം ചെയ്‌തതിനാണ് അറസ്റ്റ്. വടപളനി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
ഒരു ടിവി പരമ്പരയില്‍ അസിസ്റ്റന്റ് കമ്മീഷണറുടെ വേഷം ചെയ്യുന്ന നടി ഇതേ വേഷത്തിലാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ജനങ്ങള്‍ സംഘടിക്കണമെന്നും പൊലീസിനെതിരെ രംഗത്തെ വരണമെന്നും നടി ആവശ്യപ്പെട്ടു. നടി പൊലീസ് ഉദ്യോഗസ്ഥയാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. തുടര്‍ന്ന് വീഡിയോ വ്യാപകമായ രീതിയില്‍ പ്രചരിക്കുകയും ചെയ്‌തു. ആള്‍മാറാട്ടത്തിന് അടക്കമുളള കുറ്റം ചുമത്തിയാണ് നടിക്കെതിരെ പൊലീസ് കേസെടുത്തത്.
‘തൂത്തൂക്കുടിയിലെ പ്രതിഷേധത്തില്‍ പൊലീസ് നടത്തിയ ക്രൂരത സഹിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ തമിഴ്‌നാട് പൊലീസ് യൂണിഫോമിനോട് തന്നെ എനിക്ക് ലജ്ജ തോന്നുന്നു. സമാധാനപരമായ പ്രതിഷേധം നടത്തിയവരെ തീവ്രവാദികളായി ചിത്രീകരിക്കുകയായിരുന്നു പൊലീസ്’, നടി കുറ്റപ്പെടുത്തി.
സംഭവത്തിന് ശേഷം കുന്നൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധുവീട്ടില്‍ നിന്നും ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്.