തൂത്തുക്കുടിയിൽ അച്ഛനും മകനും കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് തമിഴ്നാട് സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തീരുമാനം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചതായും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കോടതിയുടെ അനുമതി പ്രകാരമായിരിക്കും നടപടികളുമായി മുന്നോട്ട് പോകുകയെന്നും അദ്ദേഹം അറിയിച്ചു.
Read More: തൂത്തുക്കുടി കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് തമിഴ്നാട് സർക്കാർ
എന്നാൽ തൂത്തുക്കുടിയില്‍ ഒരച്ഛനെയും മകനെയും മൃഗീയവും ഭീകരവുമായ വിധത്തില്‍ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവം ലോകമറിഞ്ഞത് ഗായികയും ആർജെയുമായ സുചിത്ര എന്ന സുചി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെയായിരുന്നു. ഒന്നരക്കോടിയിലേറെ പേര്‍ കണ്ട (ഇതെഴുതുമ്പോള്‍1 7,297,287 വ്യൂസ്) വീഡിയോയില്‍ തൂത്തുക്കുടിയിലെ സംഭവം വിശദമായി വിവരിക്കുകയാണ് സുചി ചെയ്യുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ലോകമനസാക്ഷിയെ ഈ സംഭവത്തിലേക്ക് ഉണര്‍ത്തുന്നതില്‍ വലിയ പങ്കാണ് ഈ വീഡിയോ വഹിച്ചിരിക്കുന്നത്.
ജയരാജിനെയും ബെനിക്സിനെയും ലോകശ്രദ്ധയിലെക്കെത്തിച്ച സുചി
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയ്ക്കടുത്തുള്ള സാത്താങ്കുളം എന്ന ടൗണിലെ പൊലീസ് സ്റ്റേഷനിൽ ജയരാജിനേയും (58) മകൻ ബെന്നിക്സിനേയും (31) പൂർണ്ണ നഗ്നരാക്കി ലോക്കപ്പിൽ തള്ളി അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി എന്നാണ് ആരോപണം. മൊബൈൽ കട നടത്തുന്ന ഇരുവരും, ലോക്ക് ഡൌൺ കാലത്ത് എട്ടു മണിയോടെ അടക്കേണ്ട അവരുടെ മൊബൈൽ കട എട്ടു മണി കഴിഞ്ഞു പതിനഞ്ചു മിനുറ്റ് വരെ തുറന്നു വെച്ചിരുന്നു എന്നതാണ് പോലീസ് വിശദീകരണം. ബീറ്റ് പട്രോളിംഗിന് വന്ന പൊലീസ് കോൺസ്റ്റബിൾ അച്ഛൻ ജയരാജിനെ കസ്റ്റഡിയിൽ എടുക്കുകയും അച്ഛനെ തേടി സ്റ്റേഷനിൽ ചെന്ന മകൻ ഫീനിക്സിനെയും അവർ പിന്നാലെ ലോക്കപ്പിൽ അടക്കുകയുമായിരുന്നു. ജൂണ്‍ 19നായിരുന്നു ഇത്.
തുടര്‍ന്നു രണ്ടു ദിവസത്തോളം ക്രൂര പീഡനങ്ങങ്ങള്‍ക്കിരയായി ഇരുവരും മരിക്കുകയായിരുന്നു. ബെനിക്സ് ജൂണ്‍ 22നും ജയരാജ് ജൂണ്‍ 23നുമാണ് മരിക്കുന്നത്.

Read More: സുചിത്ര മുതൽ അനുഷ്ക ശർമ വരെ: കസ്റ്റഡി മരണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ചലച്ചിത്ര ലോകം
ഇതേക്കുറിച്ച് ശക്തമായ പ്രതികരണമാണ് സുചി തന്റെ വീഡിയോയിലൂടെ നടത്തിയത്. ഇന്ത്യയുടെ ‘ജോര്‍ജ് ഫ്ലോയിഡ്’ നിമിഷം എന്നാണു അവര്‍ ഇതിനെ വിശേഷിപ്പിച്ചത്. ജയരാജിനും ബെനിക്സിനും നീതി ലഭിക്കുന്നതുവരെ ഇതേക്കുറിച്ച് സംസാരിക്കാനും വാർത്തകളും വീഡിയോയും പങ്കിടാനും സുചി വീഡിയോയില്‍ ആവശ്യപ്പെട്ടു.
‘നാം ഇംഗ്ലീഷിൽ സംസാരിക്കാത്തതു കാരണം എല്ലാ ദക്ഷിണേന്ത്യൻ പ്രശ്നങ്ങളും ദക്ഷിണേന്ത്യൻ പ്രശ്നങ്ങൾ മാത്രമായി ഒതുങ്ങുന്നു’ എന്നു പറഞ്ഞു കൊണ്ടാണ് സുചി വീഡിയോ ആരംഭിക്കുന്നത്.
സുചിയുടെ വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് അറിയുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ-രാജ്യാന്തര തലത്തിലുള്ള മാധ്യമങ്ങളും ഈ മനുഷ്യാവകാശധ്വംസനത്തെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ലോക്കപ്പ് മരണസംഭവത്തില്‍ രണ്ട് എഫ്‌ഐആർ ഫയൽ ചെയ്തിട്ടും ഇത് വരെയും കൊലപാതകക്കുറ്റത്തിനായി ഒരു ഉദ്യോഗസ്ഥനെതിരെയും കേസെടുത്തിട്ടില്ല. വലിയ പ്രതിഷേധത്തെ തുടർന്ന് രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്യുകയും സ്റ്റേഷൻ ഇൻസ്പെക്ടറെ മാറ്റുകയും ചെയ്തു. ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുന്നു. തമിഴ്നാട്ടില്‍ പ്രതിപക്ഷം ഈ കസ്റ്റഡി മരണത്തില്‍ സി ബി ഐ അന്വേഷണം വേണം എന്ന് ആവശ്യപ്പെടുകയാണ്.
“ഇപ്പോൾ നാല് പൊലീസുകാർക്കെതിരെ മാത്രമേ കേസെടുത്തിട്ടുള്ളൂ. ഡോക്ടർമാരും മജിസ്ട്രേറ്റും ഉൾപ്പെടെ 20 മുതൽ 25 പേർവരെ ഇനിയും ബാക്കിയാണ്. കുടുംബത്തിന് ഒരു എല്ലിന്റെ കഷ്ണം ഇട്ടുകൊടുക്കലല്ല, പരമാവധി നീതി നടപ്പാക്കുകയാണ് വേണ്ടത്,” ഈ സംഭവത്തിലൂടെ വ്യവസ്ഥിതികളിൽ എന്തുമാറ്റം വരുത്താനാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് സുചി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ മറുപടി ഇങ്ങനെ.
Thoothukudi Custodial Deaths: വിശദമായ വായനയ്ക്ക്
- Explained: How Tamil Nadu Police’s brutal act of revenge claimed lives of a father and son
- TN custodial deaths: Stalin says will seek CBI probe if govt doesn’t do proper investigation
- Tamil Nadu family’s last memory of father, son: blood-soaked, police around
- Protests in Tamil Nadu town over ‘custodial death’ of shopkeeper, son
- TN custodial deaths: Judicial magistrate should be dismissed, says former Madras HC judge
ഗായികയും റേഡിയോ ജോക്കിയും നടിയും ശബ്ദകലാകാരിയുമാണ് സുചി എന്ന സുചിത്ര കാര്‍ത്തിക്. മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലായി നൂറില്‍പ്പരം ചലച്ചിത്രഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
2017ല്‍ സുചിയുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ വഴി നിരവധി ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളുടെ സ്വാകാര്യ ചിത്രങ്ങൾ പുറത്തുവരികയും ഒപ്പം തന്നെ വലിയ ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തിരുന്നു. ‘സുചി ലീക്ക്‌സ്’ എന്ന പേരില്‍ അറിയപ്പെട്ട ഈ സംഭവത്തില്‍ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ സ്വകാര്യചിത്രങ്ങളാണ് ഉണ്ടായിരുന്നത്.
എന്നാല്‍ തന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് എന്നും സുചി പ്രതികരിച്ചു. അതിനെ തുടര്‍ന്നും സുചിത്രയുടെ പേരിലുള്ള വ്യജ ഐഡികളില്‍ നിന്നും ‘സുചി ലീക്സ്’ തുടര്‍ന്ന് കൊണ്ടേയിരുന്നു. ജെല്ലിക്കെട്ടിന് അനുകൂലമായി സംസാരിച്ചത് കൊണ്ടാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത് എന്നാണ് സുചിത്ര സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്.
ഇതേതുടര്‍ന്ന് ചില മാനസിക പ്രശ്നങ്ങള്‍ക്ക് സുചിത്ര ലണ്ടനില്‍ ചികിത്സ തേടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെ സുചിത്ര പൊതുരംഗത്ത് നിന്നും മാറി നിന്നിരുന്നു. അടുത്ത കാലത്താണ് ഇവർ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായത്.