തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ചതിന്റ പകുതി വളര്‍ച്ചയേ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ബജറ്റില്‍ 20 ശതമാനമാണ് ലക്ഷ്യം വച്ചതെങ്കിലും നോട്ട് അസാധുവാക്കലിന് ശേഷം നോട്ട് ഇല്ലാത്തതു കാരണം വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. പദ്ധതി പ്രവര്‍ത്തനം നാമമാത്രമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം വെറും 18 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ‘കേരളം @ 60’ എന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി ബില്‍ ഈ ബജറ്റ് സമ്മേളനത്തില്‍ പാസാക്കാനാണ് ആലോചിക്കുന്നത്. ജിഎസ്ടി ജൂലൈയില്‍ നടപ്പാക്കും. അത് സംസ്ഥാനത്തിന് ഗുണകരമാവുമെന്നാണ് കരുതുന്നത്.

കള്ളപ്പണം സഹകരണ ബാങ്കുകളില്‍ ഇല്ല. അതിന്‍െറ സിംഹഭാഗവും പുതുതലമുറ ബാങ്കുകളിലും വാണിജ്യ ബാങ്കുകളിലുമാണ് ഉള്ളത്. കള്ളപ്പണം രാജ്യത്തിന് പുറത്തേക്ക് കടത്തുകയാണ് ചെയ്യുന്നത്. സംസ്ഥാന ബജറ്റ് ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ഉണ്ടാവും. ഏറ്റവും മോശമായ കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നതേയുള്ളൂ. അതിന് അനുസരിച്ച് ചെലവില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. ധനകാര്യ വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ ബജറ്റ് പാസാക്കണമെന്നാണ് അഭിപ്രായം. നോട്ട് അസാധുവാക്കല്‍ കേരളാ ബാങ്ക് രൂപീകരണത്തെ സാവധാനത്തിലാക്കി. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇനി ട്രഷറി അക്കൗണ്ട് വഴിമാത്രമേ നല്‍കൂ. അത് ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപെട്ടാല്‍ അതിന് നടപടി എടുക്കും. സംസ്ഥാനത്ത് നികുതികള്‍ ഇ- പേയ്മെന്‍റ് വഴിയാണ് സ്വീകരിക്കുന്നത് എന്നതിനാലും കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കുന്നുവെന്ന ആക്ഷേപം ഉയരുമെന്നും കരുതിയാണ് പഴയ നോട്ടില്‍ നികുതി കുടിശിക അടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കാതിരുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തിലും വ്യക്തത ഇല്ലായിരുന്നു. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളും അത് ചെയ്തു.

ഗ്രാമസഭകള്‍ വിളിച്ചുകൂട്ടാൻ ജില്ലാ കലക്ടര്‍മാരോട് ആവശ്യപ്പെട്ട നീതി ആയോഗിന്‍െറ നടപടി രാജ്യത്തിന്‍െറ ഫെഡറല്‍ തത്വങ്ങള്‍ക്കും വികേന്ദ്രീകരണത്തിനും എതിരാണ്. ഗ്രാമസഭകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാര്‍ പോലും അത് നേരിട്ട് വിളിച്ച് ചോദിക്കാറില്ല. നീതി ആയോഗിന് ഭരണഘടനാ പദവിയില്ല. അത് ഉപദേശക സമിതി മാത്രമാണ്.

പ്രതിഷേധിച്ച് ലീവ് എടുക്കാന്‍ തീരുമാനിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ നടപടി തെറ്റാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ നീക്കത്തോട് മുഖ്യമന്ത്രി കര്‍ശനമായി പ്രതികരിച്ചതില്‍ തെറ്റില്ല. സിവില്‍ സര്‍വീസില്‍ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കേണ്ടതാണ്. പ്രശ്നം സങ്കീര്‍ണ്ണമാണ്. ചര്‍ച്ചയിലൂടെ അത് പരിഹരിക്കും. വിജിലന്‍സ് വിഭാഗം കിഫ്ബിയില്‍ പരിശോധന നടത്തിയതില്‍ കാര്യമില്ല. വിജിലന്‍സിന്‍െറ നടപടി അതിരുകടന്നതാണോ എന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook