അഹമ്മദാബാദ്: ‘വായു മാത്രം ഭക്ഷിച്ച് ജീവിക്കുക’ എന്ന് നമ്മള്‍ തമാശയായി പറയാറുണ്ട്. എന്നാല്‍ കഴിഞ്ഞ 70 വര്‍ഷമായി ഭക്ഷണമോ വെളളമോ കഴിക്കാതെ ജീവിക്കുന്ന ഒരു സന്ന്യാസിയെ ഗുജറാത്തിലെ ചാരോഡ് ഗ്രാമത്തില്‍ കാണാന്‍ കഴിയും. 88കാരനായ പ്രഹ്ലാദ് ജ്ഞാനി എന്ന സന്ന്യാസിയാണ് 18 വയസിന് ശേഷം താന്‍ ഭക്ഷണമോ വെളളമോ കഴിച്ചിട്ടില്ലെന്ന് അവകാശപ്പടുന്നത്. വിശ്വാസികള്‍ ഇദ്ദേഹത്തെ ‘മാതാജി’ എന്നാണ് വിളിക്കുന്നത്. ഇദ്ദേഹത്തിന്റെ അവിശ്വസനീയമായ ജീവിതരീതി ലോകത്താകമാനമുളള ശാസ്ത്രജ്ഞന്മാരുടെ നെറ്റി ചുളിപ്പിക്കുകയാണ്.
ഇദ്ദേഹത്തിന് മേല്‍ നിരവധി വൈദ്യപരിശോധനകള്‍ നേരത്തേ നടന്നിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ആയിരുന്ന ഡോ. എ.പി.ജെ.അബ്ദുല്‍ കലാമും ഇദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കി പഠനം നടത്തിയിട്ടുണ്ട്. കൂടാതെ ഇദ്ദേഹത്തിന്റെ ആശ്രമത്തിലെ മരങ്ങളും ശാസ്ത്രജ്ഞന്മാര്‍ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല.
2010ല്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്റ് അലീഡ് സയന്‍സും ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനും ഇദ്ദേഹത്തിന് മേല്‍ പഠനം നടത്തിയിരുന്നു. അന്ന് ഇദ്ദേഹത്തെ 15 ദിവസം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. 15 ദിവസവും ഇദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്‌തു. എംആര്‍ഐ, അള്‍ട്രാസൗണ്ട്, എക്‌സ്റേ എന്നിവയ്ക്കൊക്കെ വിധേയനാക്കുകയും ചെയ്‌തു. ബയോ കെമിക്കല്‍ അടക്കമുളള പരിശോധനകള്‍ നടത്തിയെങ്കിലും കാര്യമായ ഫലം ലഭിച്ചില്ല.
ദുര്‍ഗാ ദേവി ഭക്തനായ താന്‍ ധ്യാനത്തിലൂടെയാണ് ജീവിക്കാനുളള ഊര്‍ജം നേടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവരാണ് ഇദ്ദേഹത്തിന്റെ ആശ്രമം സന്ദര്‍ശിക്കുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കളും ഇദ്ദേഹത്തിന്റെ അനുഗ്രഹം തേടി ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്.