വരാണസി: ഉത്തര്‍പ്രദേശിലെ വരാണസിയിൽ ഫൂല്‍പുര്‍ ഗ്രാമത്തിൽ രക്ഷാബന്ധന്‍ ദിവസം സഹോദരന്മാർ സഹോദരിമാരുടെ കൈയില്‍ രാഖി കെട്ടികൊടുക്കുകയല്ല ചെയ്തത്, അതിലും വലിയൊരു സമ്മാനമായിരുന്നു അവർ നൽകിയത്; വീട്ടില്‍ സ്വന്തമായൊരു ശൗചാലയം.

നിരവധി യുവാക്കളാണ് ഇവിടെ തങ്ങളുടെ സഹോദരമാര്‍ക്ക് വേണ്ടി വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്നത്. അതവരുടെ ഉത്തരവാദിത്വമായി ഏല്‍പ്പിച്ചത് പിന്‍ഡ്ര ഗ്രാമസഭയാണ്. രക്ഷാബന്ധന്‍ ദിവസം എല്ലാവരും ശൗചാലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നതായിരുന്നു നിബന്ധന. ഇതു പാലിക്കപ്പെടുന്നതോടെ മുന്നിയെ പോലെ നിരവധി സ്ത്രീകള്‍ക്ക് അവരുടെ സഹോദരന്മാരുടെ ‘രാഖി’യായി ശൗചാലയങ്ങള്‍ ലഭിക്കും.

സ്വച്ഛത ബന്ധന്‍ കാമ്പയിന്റെ ഭാഗമായാണ് ജില്ല ഭരണകൂടവും ഗ്രാമസഭകളുടെയും നേതൃത്വത്തില്‍ ശൗചാലയ നിര്‍മാണങ്ങള്‍ നടന്നത്. ശൗചാലയങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് യുവാക്കളെ ബോധവാന്മാരാക്കുകയായിരുന്നു സ്വച്ഛത ബന്ധന്‍ കാമ്പയിന്‍. വരാണസിയുടെ ജില്ലയില്‍ എട്ടു ബ്ലോക്കുകളിലെയും ഓരോ ഗ്രാമങ്ങളിലും സ്വച്ഛത ബന്ധന്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു.

രക്ഷാബന്ധന്‍ ദിവസം ശൗചാലയ നിര്‍മാണം പൂര്‍ത്തിയാക്കി സഹോദരിമാര്‍ക്ക് നല്‍കണമെന്നതായിരുന്നു നിബന്ധന. ഇതൊരു മത്സരംകൂടിയാണ്. ഭായ് നമ്പര്‍1 എന്ന പേരില്‍ നടത്തുന്ന ഈ മത്സരത്തിലെ വിജയികളെ അധികൃതര്‍ നടത്തുന്ന പരിശോധനയിലൂടെ കണ്ടെത്തും. വിജയികള്‍ക്ക് സ്വച്ഛതാ രത്‌ന-2107 പുരസ്‌കാരം ലഭിക്കുമെന്നും ജില്ല ചീഫ് ഡവലപ്‌മെന്റ് ഓഫിസര്‍ സുനില്‍ കുമാര്‍ വര്‍മ അറിയിച്ചു. ഓരോ ബ്ലോക്കില്‍ നിന്നും രണ്ടു വിജയികളെ വീതം കണ്ടെത്തും ഓഗസ്റ്റ് 30 നു സംഘടിപ്പിക്കുന്ന ചടങ്ങില്‍വച്ച് ഇവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്നും സിഡിഒ പറയുന്നു.

അതേസമയം സഹോദരന്‍മാര്‍ ഇല്ലാത്തവരും ശാരീകമായും മറ്റും അവശകതകള്‍ അനുഭവിക്കുന്നവരുമായ സ്ത്രീകള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ സഹായമനസ്‌കരായ ആളുകളും രംഗത്തെത്തിയിരുന്നു.
ഡിസംബര്‍ 31 ന് അകം ജില്ലയില്‍ 1.83 ലക്ഷം ശൗചാലയങ്ങള്‍ നിര്‍മിക്കാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്നാണ് സിഡിഒ സുനില്‍ വര്‍മ പറയുന്നത്. രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഒരു ദിവസം 47 ശൗചാലയങ്ങള്‍ എന്ന കണക്കിലായിരുന്നു ശൗചാലയ നിര്‍മാണങ്ങള്‍ നടന്നിരുന്നതെങ്കില്‍ കാമ്പയിനുകള്‍ ശക്തമാക്കിയതിനുശേഷം കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ ദിവസേന 418 ശൗചാലയങ്ങള്‍ വീതം ജില്ലയില്‍ നിര്‍മാണം നടക്കുന്നുണ്ടെന്നും വര്‍മ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook