ന്യൂഡൽഹി: കുൽഭൂഷൺ യാദവ് കേസിൽ അന്താരാഷ്ട്ര കോടതിയിൽ വാദിക്കാൻ ഹരീഷ് സാൽവേ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടത് വെറും ഒരു രൂപ മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റ്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കുൽഭൂഷൺ യാദവിന്റെ നീതിക്കായി പാക്കിസ്ഥാനോട് നടത്തുന്ന നിയമപോരാട്ടത്തിനാണ് സിറ്റിംഗിന് വെറും ഒരു രൂപ മാത്രം സാൽവേ ഫീസ് ഈടാക്കുന്നത്.

സാൽവേയെക്കാൾ കുറവ് ഫീസ് ഈടാക്കുന്ന മറ്റാരെയെങ്കിലും കേസ് അന്വേഷണം ഏൽപ്പിക്കാമായിരുന്നില്ലേ എന്ന ഒരാളുടെ പ്രതികരണം സംബന്ധിച്ചാണ് സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. “സാൽവേയെക്കാൾ കുറഞ്ഞ ഫീസിൽ ഇന്ത്യയിലെ മറ്റേതെങ്കിലും അഭിഭാഷകൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വിജയം നേടിത്തരുമായിരുന്നു. വിധിക്കായി കാത്തിരിക്കുന്നു” എന്നായിരുന്നു ട്വീറ്റ്.

ഇതിന് നൽകിയ മറുപടിയിൽ ഇക്കാര്യം ഒട്ടും ശരിയല്ലെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി, “ഹരീഷ് സാൽവേ ഈ കേസിന് ഒരു രൂപയാണ് ഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്” എന്ന് മറുപടിയിൽ കുറിച്ചു.

കുൽഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്താന്റെ നടപടി റദ്ദാക്കണമെന്നും കോടതിയിലെ വാദം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പാകിസ്താന്‍ ജാദവിന്റെ ശിക്ഷ നടപ്പിലാക്കിയേക്കുമെന്നും ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആശങ്ക അറിയിച്ചു. വിയന്ന കരാറിലെ 36ആം ചട്ടത്തിന്‍റെ ലംഘനമാണ് പാകിസ്താൻ നടത്തിയിരിക്കുന്നതെന്നും വധശിക്ഷ റദ്ദാക്കണമെന്നും കേസില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവേ ആവശ്യപ്പെട്ടു.

പിന്നീട് പാകിസ്താനും വാദം നടത്തി. ഒരു മണിക്കൂറിന് താഴെ മാത്രമാണ് പാകിസ്താന്‍ വാദിച്ചത്. 90 മിനിറ്റ് വീതമാണ് ഇരു രാജ്യങ്ങൾക്കും തങ്ങളുടെ വാദം നിരത്താൻ അന്താരാഷ്ട്ര കോടതിയിൽ ലഭിക്കുന്നത്. പാക്കിസ്ഥാന് വേണ്ടി ഖവാര്‍ ഖുറൈഷിയാണ് ഹാജരായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ