ന്യൂഡൽഹി: സംഘപരിവാറിന്റെ ഗൂണ്ടായിസം കൊണ്ട് തങ്ങളെ നിശബ്ദരാക്കാന്‍ കഴിയുമെന്ന ചിന്ത വേണ്ടെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹി എകെജി ഭവനിൽ ഹിന്ദുസേന പ്രവർത്തകർ കൈയേറ്റം ചെയ്തതിലൂടെ പേടിച്ച് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ്. ഇതില്‍ തങ്ങള്‍ തന്നെ വിജയിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ആർഎസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചു നാലു പേർ യെച്ചൂരിക്ക് അരികിലേക്കു പാഞ്ഞടുക്കുകുയും അദ്ദേഹത്തെ തള്ളി വീഴ്ത്തുകയുമായിരുന്നു. ഉടൻതന്നെ മാധ്യമ പ്രവർത്തകരും മറ്റുള്ളവരും ചേർന്ന് യെച്ചൂരിയെ മറ്റൊരു മുറിയിലേക്കു മാറ്റി.

സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തലിനെ കുറിച്ച് വാർത്താസമ്മേളനം നടത്തുന്നതിനായി യെച്ചൂരി മീഡിയ റൂമിലേക്കു വരുന്പോഴാണ് സംഭവമുണ്ടായത്.

സംഭവത്തെ അപലപിച്ച് ബിജെപി സംസ്ഥാന നേതൃത്വവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

രാജ്യമെമ്പാടും പത്തിവിടർത്തി ആടുന്ന സംഘപരിവാർ ശക്തികൾ എന്തും ചെയ്യാൻ മടിക്കാത്തവർ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് ശക്തികൾ രാഷ്ട്രീയ നേതാക്കന്മാർക്ക് നേരെയും ആക്രമം അഴിച്ചുവിടുന്നത് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശക്തമായ നടപടികൾ അനിവാര്യമാണ്. ആശയപരമായി നേരിടാൻ കെല്പില്ലാത്തവരാണ് കായികമായി ആക്രമിക്കുന്നത്. ആർ.എസ്.എസും അവരുടെ പിണിയാളുകളും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

Read More : യെച്ചൂരിക്ക് എതിരായ അക്രമണം ജനാധിപത്യത്തിന്​ എതിരായ ആക്രമണം എന്ന് പിണറായി; സംസ്ഥാനത്ത് പ്രതിഷേധം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook