ന്യൂഡൽഹി: ആർഎസ്എസ് കാര്യകർത്താക്കളുടെ മൂന്നാം വർഷ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പോയ പ്രണബ് മുഖർജിയെ തടഞ്ഞത് മകൾ ശർമ്മിഷ്ഠ മുഖർജിയാണ്. പ്രണബ് പറയുന്നത് അവർ മറക്കുമെന്നും ചിത്രങ്ങളാണ് അവർക്ക് വേണ്ടതെന്നുമായിരുന്നു ശർമ്മിഷ്ഠയുടെ വാക്കുകൾ ഇതിനെ ശരിവയ്ക്കുന്ന തരത്തിലാണ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത പ്രണബിന്റെ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ചിത്രം

ഇന്നലത്തെ ചടങ്ങിൽ ആർഎസ്എസിന്റെ പരിപാടിയിലെ പ്രാർത്ഥനാ ഗാനത്തിനിടയിലെ ചിത്രമാണ് പരക്കുന്നത്. മോഹൻ ഭാഗവതടക്കമുളള ആർഎസ്എസ് നേതാക്കൾക്കൊപ്പം പ്രണബ് എഴുന്നേറ്റ് നിൽക്കുന്ന ചിത്രത്തിൽ പക്ഷെ കൂട്ടിച്ചേർക്കലുകളുണ്ട്. പ്രണബിന്റെ തലയിൽ ആർഎസ്എസിന്റെ തൊപ്പിയും വലതുകൈ ആർഎസ്എസ് പ്രവർത്തകർ ചെയ്തത് പോലെ മടക്കിവച്ചിട്ടുമാണുളളത്.

എന്നാൽ ഈ ചടങ്ങിൽ വെറുതെ എഴുന്നേറ്റ് നിൽക്കുക മാത്രമാണ് മുൻ കോൺഗ്രസ് നേതാവ് കൂടിയായ പ്രണബ് മുഖർജി ചെയ്തത്. അദ്ദേഹം അഖണ്ഡ ഭാരതത്തെ കുറിച്ചും ഇന്ത്യൻ ഭരണഘടനയെ കുറിച്ചും പ്രസംഗിച്ച വേദിയിൽ നിന്നുളള വ്യാജ ചിത്രങ്ങൾ ഉയർത്തി കാട്ടി ശർമിഷ്ഠ മുഖർജി തന്നെ രംഗത്തെത്തി.

“നോക്കൂ, ഇതാണ് യഥാർത്ഥത്തിൽ ഞാൻ ഭയന്നതും അച്ഛന് മുന്നറിയിപ്പ് നൽകിയതും. മണിക്കൂറുകൾ പിന്നിടും മുൻപ് ബിജെപിയുടെയും ആർഎസ്എസിന്റെയും നീചരാഷ്ട്രീയം പുറത്തുവന്നിരിക്കുകയാണ്,” ശർമ്മിഷ്ഠ കുറിച്ചു.

എന്നാൽ വ്യാജ ചിത്രത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാൻ ഐഇ മലയാളത്തിന് സാധിച്ചിട്ടില്ല. വ്യാജ ചിത്രം ചൂണ്ടിക്കാട്ടി ആരെങ്കിലും പൊലീസിൽ പരാതിപ്പെട്ടോയെന്നും വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ