scorecardresearch
Latest News

ലിംഗ നീതിയുടെ വിജയം, ചരിത്രപരമായ തെറ്റ് തിരുത്തപ്പെട്ടു’; മുത്തലാഖ് ബില്ലില്‍ പ്രധാനമന്ത്രി

ഇന്ത്യന്‍ ജനാധിപത്യത്തില്‍ മഹത്തായ ദിവസമാണിതെന്ന് അമിത് ഷാ

ലിംഗ നീതിയുടെ വിജയം, ചരിത്രപരമായ തെറ്റ് തിരുത്തപ്പെട്ടു’; മുത്തലാഖ് ബില്ലില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസയതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് മൂലം കഷ്ടത അനുഭവിച്ച മുസ്ലീം വനിതകള്‍ക്ക് സല്യൂട്ട് ചെയ്യാനുള്ള അവസരമാണിതെന്നും സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അഭിമാനം നേടുന്നതിലും മുത്തലാഖ് നിരോധനം സഹായിക്കുമെന്നും മോദി പറഞ്ഞു.


മുസ്ലീം സ്ത്രീകളോട് ചെയ്ത ചരിത്രപരമായ തെറ്റ് തിരുത്തപ്പെട്ടെന്നും ലിംഗ നീതിയുടെ വിജയമാണിതെന്നും സമൂഹത്തില്‍ സമത്വം കൊണ്ടു വരുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മുത്തലാഖ് നിരോധന ബില്‍ പാസാക്കാന്‍ പിന്തുണച്ച എല്ലാ പാര്‍ട്ടികള്‍ക്കും എംപിമാര്‍ക്കും നന്ദി പറയുന്നതായും മോദി ട്വീറ്റ് ചെയ്തു.


ഇന്ത്യന്‍ ജനാധിപത്യത്തില്‍ മഹത്തായ ദിവസമാണിതെന്നും മുത്തലാഖ് നിരോധിക്കുക എന്ന ആശയത്തിനായി നിലകൊണ്ട പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.


മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയിലും പാസാക്കി. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ലോക്സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ രാജ്യസഭയിലും ബില്‍ പാസാക്കി ആധിപത്യം തെളിയിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 84 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തെ 84 പേര്‍ പിന്തുണച്ചപ്പോള്‍ 100 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഇതും കേന്ദ്ര സര്‍ക്കാരിന് തുണയായി.

ഭരണപക്ഷത്തുള്ള ജെഡിയു, അണ്ണാ ഡിഎംകെ എന്നിവര്‍ മുത്തലാഖ് ബില്ലില്‍ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി. എങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ ശക്തമായി എതിര്‍ത്തു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും സാധിച്ചില്ല. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.

ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്‍ നിയമമാകാന്‍ ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മതി. ബില്ലിനെ എതിര്‍ത്തിരുന്ന പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടി, ടിആര്‍എസ്, ടിഡിപി എന്നിവര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതാണ് പ്രതിപക്ഷത്തിന് തിരിച്ചടിയായത്. എതിര്‍പ്പുണ്ടായിരുന്ന ജെഡിയു, അണ്ണാ ഡിഎംകെ കക്ഷികള്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്തില്ല. ഇതോടെ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമായി. സിവില്‍ കുറ്റമായിരുന്ന മുത്തലാഖ് ബില്‍ നിലവില്‍ വരുന്നതോടെ ക്രിമിനല്‍ കുറ്റമാകും.

ഇന്നൊരു ചരിത്ര ദിവസമാണെന്നാണ് ബില്‍ പാസാക്കിയ ശേഷം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞത്. മുസ്ലീം സ്ത്രീകള്‍ക്ക് രണ്ട് സഭകളില്‍ നിന്നും നീതി ലഭിച്ചു എന്നും ഇത് ഇന്ത്യയുടെ മാറ്റത്തിന്റെ ഭാഗമാണെന്നും രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസാക്കിയത്. 303 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭ ബഹിഷ്‌കരിച്ച് ഇറങ്ങി പോയി. തൃണമൂല്‍, ജെഡിയു എംപിമാരും സഭ വിട്ടിറങ്ങി. കേരളത്തില്‍ നിന്നുള്ള സിപിഎം എംപി എ.എം.ആരിഫ്, മുസ്ലീം ലീഗ് എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: This is an occasion to salute courage of muslim women who have suffered injustice narendra modi on triple talaq bill282580