‘ഇത് വിശ്വാസ്യത സംബന്ധിച്ച ചോദ്യം’; ഹൈദരാബാദ് ഏറ്റുമുട്ടലിൽ അന്വേഷണത്തിന് സമിതിയെ നിയമിച്ചു

മുൻ സുപ്രിം കോടതി ജഡ്ജി വിഎസ് സിർപുർകറുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിഷനാണു സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം

Hyderabad encounter, ഹൈദരാബാദ് ഏറ്റുമുട്ടൽ, judicial enquiry, ജുഡീഷ്യൽ അന്വേഷണം, supreme court, സുപ്രീംകോടതി, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകത്തിൽ  ജുഡീഷ്യൽ അന്വേഷണത്തിന് മൂന്നംഗ  കമ്മിഷനെ നിയോഗിച്ച് സുപ്രീം കോടതി ഉത്തരവ്. മുൻ സുപ്രിം കോടതി ജഡ്ജി വി എസ് സിർപുർകറുടെ നേതൃത്വത്തിലുള്ള കമ്മിഷന് ആറ് മാസത്തെ സമയമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രേഖ ബല്‍ദോത്ത, മുന്‍ സിബിഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് കമ്മിഷനിലെ മറ്റ് അംഗങ്ങള്‍.

യുവ വെറ്ററിനറി  ഡോക്ടറെ ബലാത്സംഗം ചെയ്തതു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ നാല് കുറ്റാരോപിതരെയാണു സൈബരാദാബാദ് പൊലീസ് വെടിവച്ചുകൊന്നത്. തെളിവെടുപ്പിനിടെ കുറ്റാരോപിതർ തങ്ങളെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവയ്ക്കുകയായിരുന്നുവെന്നാണു പൊലീസ് നൽകുന്ന വിശദീകരണം.

“അന്വേഷണം നടക്കണമെന്ന് ഞങ്ങൾ കരുതുന്നു. നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെ. നിങ്ങൾ പറയുന്ന വശങ്ങളും അന്വേഷിക്കേണ്ടതുണ്ട്,” ജസ്റ്റിസുമാരായ എസ്. അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ച് അഭിഭാഷകരായ ജി എസ് മണി, പ്രദീപ് കുമാർ യാദവ് എന്നിവരുടെ ഒരു പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീം കോടതി വ്യക്തമാക്കി.

Read More: ഹൈദരാബാദ് ഏറ്റുമുട്ടൽ: ജുഡീഷ്യൽ അന്വേഷണത്തിന് നിർദേശം നൽകി സുപ്രീംകോടതി

സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു കോടതിയും ഏറ്റുമുട്ടൽ കൊല സംബന്ധിച്ച കേസുകൾ പരിഗണിക്കരുതെന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ദെ പറഞ്ഞു. തെലങ്കാന ഹൈക്കോടതിയിലും ദേശീയ മനുഷ്യാവകാശ കമ്മിഷനിലും കേസുകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണു സുപ്രീം കോടതിയുടെ നിർദേശം.

ഡിസംബർ ആറിന് നടന്ന സംഭവങ്ങളുടെ ക്രമം തെലങ്കാന സർക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിർന്ന അഭിഭാഷകൻ മുകുൾ രോത്ഗി വിശദീകരിച്ചു. ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് കുറ്റാരോപിതരെ തിരിച്ചറിഞ്ഞതെന്നും ഇവർ തന്നെയാണ് പ്രതികൾ എന്ന കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരിൽനിന്നു പ്രതികൾ രണ്ട് തോക്ക് തട്ടിയെടുക്കുകയായിരുന്നുവെന്നും ഇതേത്തുടർന്ന് നടന്ന വെടിവയ്പിലാണ് നാലു പേരും കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 27നാണ് ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കേസിൽ നവംബർ 29ന് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെയാണ് ഡിസംബർ ആറിന് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്.

“പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കുറ്റോരോപിതർ കല്ലും വടിയും ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്ത ശേഷം മുന്നോട്ടുപോയ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു. രണ്ടു പൊലീസുകാർക്ക് പരുക്കേറ്റു. ഇതോടെയാണ് പൊലീസ് തിരിച്ചടിക്കാൻ ആരംഭിച്ചത്. ഇത്രയും നടന്നത് അഞ്ച്, പത്ത് മിനിറ്റുകൾക്കുള്ളിലാണ്,” എന്നായിരുന്നു പൊലീസ് കമ്മിഷ്ണർ വിസി സജ്ജനാർ സംഭവത്തെക്കുറിച്ച് പറഞ്ഞത്.

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വെടിവയ്‌പിൽ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലും കമ്മിഷൻ അംഗങ്ങളെത്തി. വിഷയത്തില്‍ തെലങ്കാന പൊലീസ് വേണ്ടവിധം ജാഗ്രത പുലര്‍ത്തിയില്ലെന്ന് കമ്മീഷന്‍ നേരത്തെ പറഞ്ഞിരുന്നു. മനുഷ്യാവകാശ കമ്മീഷന് കീഴിലെ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറലാണ് വസ്തുതാ അന്വേഷണം നടത്തുന്നത്. ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്തും കമ്മിഷൻ തെളിവെടുപ്പ് നടത്തും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: This is a question of credibility supreme court orders judicial inquiry into hyderabad encounter

Next Story
നിങ്ങളുടെ അവകാശങ്ങൾ ആർക്കും അപഹരിക്കാനാവില്ല; അസം ജനതയ്ക്ക് നരേന്ദ്ര മോദിയുടെ ഉറപ്പ്Narendra Modi Parliament
The moderation of comments is automated and not cleared manually by malayalam.indianexpress.com