ന്യൂഡൽഹി: സമാന മനസ്കരായ പാര്‍ട്ടികള്‍ വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭരണപാര്‍ട്ടിയായ ബിജെപിയെ തോല്‍പ്പിക്കാന്‍ ഒന്നിച്ച് നില്‍ക്കണമെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി. തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തോടെ തന്നെ നടക്കാന്‍ സാധ്യതയുണ്ടെന്നും സോണിയ പറഞ്ഞു. ഇന്ത്യയെ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും പാതയിലേക്ക് തിരിച്ചു കൊണ്ടു വരണമെന്നും കോണ്‍ഗ്രസ് പാർലമെന്ററി യോഗത്തില്‍ സോണിയ പറഞ്ഞു.
‘ഏകദേശം നാല് വര്‍ഷമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട്. നമ്മുടെ ജനാധിപത്യം വ്യവസ്ഥാപിതമായ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന കാലയളവാണിത്. പാര്‍ലമെന്റും ജ്യുഡീഷ്യറിയും മാധ്യമങ്ങളും പൗരസമൂഹവും ആക്രമണത്തിന് ഇരയാവുകയാണ്’, സോണിയ പറഞ്ഞു.
രാഹുൽ ഗാന്ധി ഇപ്പോൾ തന്റെയും നേതാവാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ‘രാഹുൽ ഗാന്ധി ഇപ്പോൾ തന്റെയും നേതാവാണ്. അതിൽ യാതൊരു സംശയവുമില്ല. നിങ്ങൾ എന്നോടു കാണിച്ച അതേ വിശ്വസ്തതയോടും ഊർജസ്വലതയോടും കൂടിതന്നെ രാഹുലിനൊപ്പവും പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു- എംപിമാരുടെ യോഗത്തിൽ സോണിയ പറഞ്ഞു.
19 വർഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വഹിച്ചശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് സോണിയ ഗാന്ധി സ്ഥാനമൊഴിഞ്ഞത്. രാഹുൽ ഗാന്ധിയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചുവടുമാറ്റത്തിനും ഇത് വഴിയൊരുക്കി.