ഗാന്ധിനഗര്‍: പരീക്ഷയെന്ന് കേട്ടാല്‍ എല്ലാവര്‍ക്കും നെഞ്ചിലൊരു ഭയമാണ്. ബാക് ബെഞ്ചറെന്നോ മിഡില്‍ ബെഞ്ചറെന്നോ പഠിപ്പിസ്റ്റെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും കാണും ആ ടെന്‍ഷന്‍. എന്നാല്‍ ഈ ടെന്‍ഷനകറ്റാനുള്ള ഒരു മരുന്നുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു ക്ഷേത്രം. ഒരു പേന വിദ്യാര്‍ത്ഥികളുടെ ടെന്‍ഷന്‍ കുറച്ച് അവര്‍ക്ക് വിജയം സുനിശ്ചിതമാക്കുന്നുവെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അവകാശവാദം. പത്താം ക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പേന പുറത്തിറക്കിയിരിക്കുന്നത്.

ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലെ ക്ഷേത്രം ഇതു സംബന്ധിച്ച് ലഘുലേഖ പുറത്തിറക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട് ഈ പരസ്യം. ദുഷ്യന്ത് ബാപ്പുജി എന്നയാളാണ് പേനയുടെ നിര്‍മ്മാതാവ്. ഹനുമാന്‍ സേവകനാണെന്ന് അവകാശപ്പെടുന്ന ഇയാള്‍ ഹനുമാന്‍ സരസ്വതി യാഗത്തിലൂടെ ലഭിച്ച അനുഗ്രഹമാണ് ഈ മാജിക് പേനയുടെ നിര്‍മ്മാണ രഹസ്യമെന്നാണ് പറയുന്നത്.

ഗുജറാത്തി ഭാഷയിലാണ് ലഘുലേഖ. ഒപ്പം ദുഷ്യന്തിന്റെ ഫോട്ടോയുമുണ്ട്. 100 ശതമാനം ഗ്യാരണ്ടിയാണ് 1900 രൂപ വിലയുള്ള പേന വാങ്ങുമ്പോള്‍ നല്‍കുന്നത്.

പക്ഷേ, ഈ അത്ഭുത പേന സ്വന്തമാക്കണമെങ്കില്‍, 1900 രൂപ മാത്രം പോര. വിദ്യാര്‍ത്ഥികളെ പരീക്ഷ ജയിപ്പിക്കുകയാണ് പേനയുടെ ധര്‍മമെന്നതിനാല്‍, മൊബൈല്‍ നമ്പറും പരീക്ഷാ രസീതും ഹോള്‍ ടിക്കറ്റിന്റെ പകര്‍പ്പും സ്‌കൂള്‍/കോളേജ് ഐഡന്റിന്റി കാര്‍ഡും നല്‍കിയാല്‍ മാത്രമേ പേന നല്‍കുകയുള്ളൂ. ഇതിന് പിന്നിലെ ലോജിക്ക് എന്താണെന്നും ഇവര്‍ വ്യക്തമാക്കുന്നില്ല.

മാതാപിതാക്കളെയാണാ പ്രധാനമായും ഈ ബിസിനസിലൂടെ ലക്ഷ്യമിടുന്നത്. പേനയുടെ മാര്‍ക്കറ്റിംഗ് താത്പര്യാര്‍ഥം അച്ചടിച്ച നോട്ടീസുകള്‍ അഭിസംബോധന ചെയ്യുന്നത് മാതാപിതാക്കളെയാണ്.

”മക്കള്‍ പരീക്ഷയില്‍ ജയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? മോശം പ്രകടനത്താല്‍ മക്കള്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയമുണ്ടോ? നിങ്ങളുടെ മക്കള്‍ എട്ട്, ഒമ്പത്, പത്ത്, പ്ലസ്ടു ക്ലാസുകള്‍ ജയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?

എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് മാജിക് പെന്‍. കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ അകറ്റി അവരെ വിജയത്തിലേക്ക് നയിക്കും. 1,900 രൂപ നല്‍കിയാല്‍ പേനാ സെറ്റ് സ്വന്തമാക്കാം.” ഇങ്ങനെയാണ് നോട്ടീസിലെ പരസ്യവാചകങ്ങളുടെ സ്വഭാവം. പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ പരാജയപ്പെട്ടാല്‍ പേനാ സെറ്റിന്റെ മുഴുവന്‍ പണവും തിരിച്ചുനല്‍കുമെന്നും ദുഷ്യന്ത് ഉറപ്പുനല്‍കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ