ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ഇന്ന് രണ്ട് വര്‍ഷം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കും. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് സമാനമായി ഇന്ന് രാത്രി മാധ്യമങ്ങളിലൂടെ മോദി രാജ്യത്തോട് മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കോണ്‍ഗ്രസ് രാജ്യത്തൊട്ടാകെ കരിദിനവും ആചരിക്കുന്നുണ്ട്. നിര്‍‌ണായക തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് നോട്ട് നിരോധത്തിന്റെ രണ്ടാം വാര്‍ഷികമെത്തുന്നത്.

2016 നവംബർ 8 ന് രാത്രി 8 മണിക്ക് നടത്തിയ പ്രഖ്യാപനത്തിലാണ് പ്രചാരത്തിലിരുന്ന നോട്ടുകളുടെ 86.4% വരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകൾ മോദി പിൻവലിക്കുന്നത്. 1978 ലെ നോട്ടുനിരോധന ശേഷം നിരോധിച്ച നോട്ടുകളുടെ 25% നോട്ടുകളും തിരിച്ചെത്തിയിരുന്നില്ല. ഇതാവർത്തിക്കുമെന്ന പ്രതീക്ഷയാണ് സംഘപരിവാർ ഉപദേശകർക്കും മോദിക്കും ഉണ്ടായിരുന്നത്. നാല് പ്രഖ്യാപിത ലക്ഷ്യങ്ങളാണ് 2016 നവംബർ 8 ന്റെ നോട്ടു നിരോധന പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നത്. 1) കള്ളനോട്ട് ഇല്ലാതാക്കുക 2) കള്ളപ്പണം ഇല്ലാതാക്കുക 3) ഭീകരപ്രവർത്തനത്തിന്റെ വേരറക്കുക 4) അഴിമതി മുക്ത ഭാരതം സൃഷ്ടിക്കുക. എന്നാൽ ദിവസങ്ങൾക്കകം തന്നെ ഈ പ്രതീക്ഷ അസ്ഥാനത്താണെന്ന് അവർക്ക് ബോധ്യപ്പെട്ടപ്പോഴാണ് ഡിജിറ്റൽ ഇന്ത്യ പോലുള്ള പുതിയ ന്യായവാദങ്ങളുമായി അവർ പ്രത്യക്ഷപ്പെട്ടത്.

2016 ലെ ഈ ദിവസം പ്രധാനമന്ത്രി നടത്തിയ ആ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതത്തില്‍ നിന്ന് കാര്‍ഷിക, ചെറുകിട വ്യവസായ രംഗവും അസംഘടിത തൊഴില്‍ മേഖലയും ഇതുവരെ മോചിതരായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തിലാണ് ഈ ദിനം പ്രതിപക്ഷം പ്രധാനമന്ത്രിയുടെ മാപ്പ് ആവശ്യപ്പെടുന്നത്.

നികുതി അടക്കുന്നവരുടെ എണ്ണം കൂടി, സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായി തുടങ്ങിയ അവകാശ വാദങ്ങളാണ് ഇപ്പോള്‍ കേന്ദ്രത്തിനുള്ളത്. എന്നാല്‍ അതു പോലും സുസ്ഥിരമല്ലെന്നാണ് ആര്‍ബിഐ കണക്ക്. 99.3 ശതമാനവും ബാങ്കില്‍ തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്ത് വിട്ട മറ്റൊരു കണക്ക്. കള്ളപ്പണം കൈയ്യിലുള്ളവര്‍ ബാങ്കിലെത്തില്ലെന്ന സര്‍ക്കാര്‍ വാദമായിരുന്നു ഇതോടെ പൊളിഞ്ഞത്. കറൻസി ഉപയോഗത്തിലും രണ്ടാണ്ടിനിപ്പുറം ഒരു മാറ്റവുമില്ല. 2016 നെ അപേക്ഷിച്ച് നോട്ടിടപാട് കഴിഞ്ഞ മാസം 9.5 ശതമാനം വര്‍ധിച്ചെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook