തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ വിമാനത്താവളം അദാനിക്ക് തീറെഴുതി നൽകിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
“വിമാനത്താവളം സ്വകാര്യ കമ്പനിക്ക് തീറെഴുതി നൽകിയതിൽ കോടികളുടെ അഴിമതിയുണ്ട്. കോവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ പകൽക്കൊള്ള നടത്തുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സമയമില്ലാത്ത സർക്കാർ അടിയന്തരമായി മന്ത്രിസഭായോഗം ചേർന്ന് വിമാനത്താവളം തീറെഴുതുകുകയാണ് ചെയ്‌തത്. സർക്കാർ രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതിയ നടപടിയിൽനിന്നു കേന്ദ്രം പിൻമാറണം. കച്ചവട താൽപ്പര്യം മാത്രമാണ് കേന്ദ്രം നോക്കുന്നത്,” കടകംപള്ളി പറഞ്ഞു
തിരുവനന്തപുരം ഉൾപ്പെടെ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നൽകാൻ ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പുകൾ അവഗണിച്ചാണ് കേന്ദ്ര തീരുമാനം. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്കു നൽകരുതെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ തയ്യാറാണെന്നും സംസ്ഥാനം നിലപാടറിയിച്ചിരുന്നു. എന്നാൽ, ഈ ആവശ്യങ്ങളെല്ലാം തള്ളിയാണ് കേന്ദ്രത്തിന്റെ തീരുമാനം. കേരള സർക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു സംസ്ഥാനം അറിയിച്ചിരുന്നത്.
അദാനി ഗ്രൂപ്പിനാണ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് 50 വർഷത്തെ പാട്ടത്തിനു നൽകിയിരിക്കുന്നത്. ജയ്‌പൂർ, ഗുവാഹത വിമാനത്താവളങ്ങളും 50 വർഷത്തേക്കു പാട്ടത്തിനു നൽകാൻ കേന്ദ്ര മന്ത്രിസഭായോഗത്തിൽ ധാരണയായി.
Read Also: കോവിഡ് രോഗികളുടെ ഫോൺവിളി വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് സർക്കാർ
വിമാനത്താവള സ്വകാര്യവത്‌കരണ പ്രക്രിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും സ്വീകാര്യമായ വ്യവസ്ഥകളില്‍ വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് കൈമാറണം. പൊതു സ്വകാര്യ ഉടമസ്ഥതയില്‍ രണ്ട് സുപ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നടത്താനുള്ള കഴിവ് സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചിട്ടുള്ളതാണ്. ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ പോലും കേരള സര്‍ക്കാരിന്റെ വിമാനത്താവള മോഡലുകളെ അഭിനന്ദിച്ചിട്ടുണ്ട്, തുടങ്ങിയ വാദങ്ങൾ നിരത്തിയായിരുന്നു സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്‌കരിക്കരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്.