യോകോഹാമ (ജപ്പാൻ): ജപ്പാൻ ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജപ്പാനിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. നേരത്തെ കപ്പലിലെ ജീവനക്കാരായ രണ്ടു ഇന്ത്യക്കാർക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും തൃപ്തികരവുമാണെന്ന് എംബസി അറിയിച്ചിട്ടുണ്ട്.

ഈ മൂന്നുപേർക്കൊഴികെ കപ്പലിലുളള മറ്റു ഇന്ത്യക്കാർക്കാർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും രോഗബാധ സ്ഥിരീകരിച്ച മൂന്നുപേരുടെ ആരോഗ്യനിലയെക്കുറിച്ച് നിരന്തരം തിരക്കുന്നുണ്ടെന്നും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും എംബസി പ്രസ്താവനയിൽ അറിയിച്ചു.

ഹോങ്കോങ്ങിൽ ഇറങ്ങിയ യാത്രക്കാരനിൽ വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് ഈ മാസം അഞ്ചിനാണ് ജപ്പാൻ തീരത്ത് കപ്പൽ പിടിച്ചിട്ടത്. 14 ദിവസത്തേക്ക് കപ്പലിന് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 14 ന് വിലക്ക് കാലാവധി കഴിയും. 3,711 യാത്രക്കാരും 132 ജീവനക്കാരുമാണ് കപ്പലിലുളളത്. യാത്രക്കാരിൽ ആറു പേർ ഇന്ത്യക്കാരാണ്.

Explained: അരവിന്ദ് കേജ്‌രിവാളിന് ഭരണത്തുടർച്ച കിട്ടിയതെങ്ങനെ?

അതേസമയം, ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,355 ആയി. 14,840 പേർക്ക് പുതുതായി വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ 48,206 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സിംഗപ്പൂരിൽ വെളളിയാഴ്ച പുതിയ 9 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 67 ആയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook