ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ജനുവരി ഇരുപത്തി മൂന്നോടെ മൂര്ധന്യാവസ്ഥയില് എത്തിയേക്കുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാണ്‍പൂരിലെ ശാസ്ത്രജ്ഞന്. എന്നാല്‍ പ്രതിദിന കേസുകള്‍ നാല് ലക്ഷത്തിനു താഴെയായി നിലനിന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ കേസുകള്‍ കുത്തനെ ഉയര്‍ന്നു കഴിഞ്ഞതായും ഐഐടിയിലെ പ്രൊഫസര്‍ മനിന്ദ്ര അഗര്‍വാള്‍ പറഞ്ഞു. സൂത്ര കോവിഡ് മോഡലിലെ ഗവേഷകരില്‍ ഒരാളാണ് മനിന്ദ്ര.
മഹാമാരിയുടെ തുടക്കം മുതൽ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ട്രാക്കുചെയ്യാനും പ്രവചിക്കാനും സൂത്ര മോഡലാണ് ഉപയോഗിക്കുന്നത്.
അഗർവാളിന്റെ അനുമാനമനുസരിച്ച് മഹാരാഷ്ട്ര, കർണാടക, യുപി, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ ഈ ആഴ്ച ഉയരും. ആന്ധ്രാപ്രദേശ്, അസം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്ത ആഴ്ചയോടെയാകും വര്‍ധനവുണ്ടാകുക.
“11-ാം തീയതി വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ജനുവരി 23 ന് പ്രതിദിന കേസുകള്‍ 7.2 ലക്ഷമായി ഉയരേണ്ടതാണ്. എന്നാല്‍ കേസുകള്‍ നാല് ലക്ഷം കടക്കാനുള്ള സാധ്യത കുറവാണ്,” അഗര്‍വാള്‍ ട്വീറ്റ് ചെയ്തു.
“രാജ്യത്തുടനീളം രോഗ വ്യാപനത്തില്‍ ഗണ്യമായ മാറ്റം സംഭവിക്കുന്നുണ്ട് .ഐസിഎംആര്‍ പരിശോധനാ മാനദണ്ഡം പുതുക്കിയതിനാലായിരിക്കാം ഇത്. എന്നിരുന്നാലും, പലയിടത്തും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് വ്യാപിക്കാനുള്ള രണ്ട് കാരണങ്ങളാണ് അഗര്‍വാള്‍ ചൂണ്ടിക്കാണിക്കുന്നത്. “രണ്ട് തരത്തിലുള്ള ആളുകളാണ് ഉള്ളത്. ഒമിക്രോണിനെതിരെ പ്രതിരോധ ശെഷി കുറഞ്ഞവരും കൂടിയവരും. പ്രതിരോധ ശേഷി കുറഞ്ഞവരെ ആദ്യം ബാധിച്ചതാണ് കേസുകള്‍ ഉയരാന്‍ കാരണമായത്. പിന്നീടാണ് അല്ലാത്തവരെ ബാധിച്ചത്,” അഗര്‍വാള്‍ വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ പ്രതിദിനം വര്‍ധിക്കുകയാണ്. ഇന്ന് 2.82 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. 441 മരണവും സംഭവിച്ചു.
Also Read: കുതിച്ചുയര്‍ന്ന് കോവിഡ്; 34,199 പുതിയ കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37.17