ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡിന്റെ മൂന്നാം തരംഗം ഫെബ്രുവരിയോടെ തീവ്രമാകുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂരിലെ ഗവേഷകരുടെ പഠനം. പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്ത് പല രാജ്യത്തിലും അതിവേഗം പടരുന്നത് ഇന്ത്യയിലും ആവര്‍ത്തിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ഇതുവരെ അവലോകനം ചെയ്യപ്പെടാത്ത പഠനം ഡിസംബർ 21 ന് പ്രീപ്രിന്റ് റിപ്പോസിറ്ററി മെഡ്ആര്‍ക്സിവിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നാം തരംഗം പ്രവചിക്കാൻ ഗൗസിയൻ മിക്സ്ചര്‍ എന്ന സ്റ്റാറ്റിസ്റ്റിക്കൽ ടൂളാണ് ഉപയോഗിച്ചിരിക്കുന്നത്.
കോവിഡിന്റെ മൂന്നാം തരംഗം സംഭവിക്കുന്ന യുകെ, ജര്‍മനി, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളും പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിലെ മൂന്നാം തരംഗത്തിന്റെ ആഘാതവും സമയക്രമവും കണ്ടെത്തുന്നതിനായി ഈ രാജ്യങ്ങളിലെ കേസുകളുടെ പ്രതിദിന വിവരങ്ങളാണ് മാതൃകയാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഒന്നും രണ്ടും തരംഗങ്ങളിൽ നിന്നുള്ള വിവരങ്ങളും പഠനത്തിനായി ഉപയോഗിച്ചിട്ടുണ്ട്. പ്രത്യേക സമയത്ത് കേസുകളുടെ എണ്ണവും തീവ്രതയും അറിയുന്നതിനായിരുന്നു ഇത്. പഠന റിപ്പോര്‍ട്ട് അനുസരിച്ച് മൂന്നാം തരംഗം ഇന്ത്യയില്‍ ഫെബ്രുവരിയോടെ തീവ്രമായേക്കും.
കേസുകളില്‍ ഡിസംബര്‍ 15 മുതല്‍ വര്‍ധനയുണ്ടാകും. ഫെബ്രുവരി മൂന്നാം തീയതിയായിരിക്കും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നും പഠനം പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രേഖകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയിലും മൂന്നാം തരംഗം എത്തിയേക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
വാക്സിനേഷന്‍ വിവരങ്ങളും ജനസംഖ്യയും പരിഗണിക്കാത്തതിനാല്‍ തീവ്രവ്യാപനം ഉണ്ടാകുമ്പോള്‍ എത്ര കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യാമുന്നതില്‍ കൃത്യമായ കണക്ക് നല്‍കാനാകില്ലെന്നും ഗവേഷകര്‍ പറഞ്ഞു. ഐഐടി കാൺപൂരിലെ മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ശബര പർഷാദ് രാജേഷ്ഭായ്, സുബ്ര ശങ്കർ ധർ, ശലഭ് എന്നിവരാണ് ഗവേഷക സംഘത്തിലുള്ളത്.
കേന്ദ്ര ഗവൺമെന്റിന്റെ വാക്സിനേഷൻ പ്രക്രിയയെ അനുകൂലിച്ച ഗവേഷകര്‍ സമ്പൂര്‍ണ വാക്സിനേഷനിലേക്ക് എത്താന്‍ സമയമെടുക്കുമെന്നും പറഞ്ഞു. അമേരിക്ക, യുകെ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ഭൂരിഭാഗം പേരും വാക്സിന്‍ സ്വീകരിച്ചവരാണ്, പക്ഷെ മൂന്നാം തരംഗത്തെ തടയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.