ഹരിദ്വാര്‍: രാജ്യത്ത് ജനസംഖ്യയില്‍ വര്‍ധനവുണ്ടാകുന്നത് നിയന്ത്രിക്കാന്‍ പുതിയ വഴിയുമായി യോഗാ ആചാര്യന്‍ ബാബാ രംദേവ്. ജനസംഖ്യ വളര്‍ച്ച നിയന്ത്രിക്കാന്‍ വീട്ടിലെ മൂന്നാമത്തെ കുട്ടിയ്ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നല്‍കരുതെന്ന് ബാബാ രാംദേവ് പറഞ്ഞു. മൂന്നാമത്തെ കുട്ടി, അത് ഏത് മതത്തില്‍ പെട്ട കുടുംബങ്ങളിലായാലും അവര്‍ക്ക് വോട്ടവകാശം നല്‍കരുതെന്നാണ് ബാബാ രാംദേവ് പറയുന്നത്.

Read More: ‘രണ്ടും മൂന്നും കുട്ടികള്‍ ഉളളവരുടെ വോട്ടവകാശം എടുത്ത് കളയണം’; ബാബാ രാംദേവ്

“ഇന്ത്യയിലെ ജനസംഖ്യ അടുത്ത 50 വര്‍ഷത്തേക്ക് 150 കോടിയേക്കാള്‍ അധികമാകരുത്. നമ്മള്‍ അതിന് തയ്യാറെടുക്കണം. വീട്ടിലെ മൂന്നാമത്തെ കുട്ടിയ്ക്ക് വോട്ടവകാശം നല്‍കാതിരിക്കുക എന്നതാണ് ജനസംഖ്യ വര്‍ധിക്കാതിരിക്കാനുള്ള പോംവഴി. സര്‍ക്കാര്‍ പുതിയ നിയമം ഇറക്കണം. വോട്ടവകാശം നല്‍കരുത് എന്ന് മാത്രമല്ല, അവര്‍ക്ക് സര്‍ക്കാറിൽ നിന്ന് ഒരു പരിഗണനയും അവകാശങ്ങളും ലഭിക്കരുത്. അവര്‍ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളാകാനും പാടില്ല. ഇത് മാത്രമാണ് ജനസംഖ്യ നിയന്ത്രിക്കാനുള്ള വഴി.” ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബാബാ രാംദേവ് പറഞ്ഞു. ഇങ്ങനെ വന്നാല്‍ മൂന്നാമത്തെ കുട്ടിയ്ക്ക് ആരും ജന്മം നല്‍കില്ല. ഏത് മതത്തില്‍ പെട്ടവരായാലും ഇങ്ങനെ തന്നെ വേണം – അദ്ദേഹം എടുത്തുപറഞ്ഞു.

Read More: വാട്സ്ആപിനെ ‘ആപ്പിലാക്കാന്‍’ ബാബാ രാംദേവ്; കിംഭോ ആപ്പ് പുറത്തിറക്കി

പശുക്കളെ കൊല്ലുന്നതിനും പശുവിറച്ചി വില്‍ക്കുന്നതിനും രാജ്യത്ത് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തണം. എങ്കിലേ, പശു സംരക്ഷകരും പശുക്കടത്തുക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിക്കൂ. ഇറച്ചി കഴിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേറെ എത്രതരം ഭക്ഷ്യയോഗ്യമായ ഇറച്ചികള്‍ ലഭിക്കുമെന്നും ബാബാ രാംദേവ് പറഞ്ഞു.

ഇസ്ലാം രാഷ്ട്രങ്ങളില്‍ മദ്യം നിരോധിച്ചിട്ടുണ്ട്. ഇസ്ലാം രാജ്യങ്ങളില്‍ നിരോധിക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയില്‍ മദ്യം നിരോധിച്ചൂടാ. ഇന്ത്യയിലും മദ്യത്തിന് പൂര്‍ണ നിരോധനം നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെയും നിരവധി വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയാണ് ബാബാ രാംദേവ്.

Read More: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്‍ച്ച വൈകിട്ട് 7 മണിക്ക്; ആദ്യ വിദേശയാത്ര മാലിദ്വീപിലേക്കെന്ന് സൂചന

നേരത്തെ, അയോധ്യയുമായി ബന്ധപ്പെട്ട് ബാബാ രാംദേവ് നടത്തിയ വിവാദ പരാമർശം ഇങ്ങനെയായിരുന്നു: ‘രാമക്ഷേത്രം എന്തായാലും നിര്‍മ്മിക്കണം. അയോധ്യയിലല്ലെങ്കില്‍ പിന്നെ മക്കയിലോ മദീനയിലോ വത്തിക്കാനിലോ ആണോ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്? ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോധ്യയെന്നതില്‍ തര്‍ക്കമില്ല. ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീങ്ങളുടെ കൂടി പൂര്‍വ്വികനാണ് അദ്ദേഹം. ഇതൊരു രാഷ്ട്രീയ പ്രശ്‌നമോ വോട്ട് ബാങ്ക് പ്രശ്‌നമോ അല്ല,’ രാംദേവ് പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook