ഫിലാഡൽഫിയ: മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന ഏഴായിരത്തോളം ജീവികളെ മോഷ്ടിച്ചു. ഫിലാഡൽഫിയയിലെ മ്യൂസിയത്തിൽ ഉണ്ടായിരുന്ന ചിലന്തികൾ, തേളുകൾ, പാറ്റകൾ ഉൾപ്പെടെയുളള ജീവികളാണ് കവർച്ച ചെയ്യപ്പെട്ടത്. മ്യൂസിയം ശേഖരത്തിലെ 80 ശതമാനത്തോളം കവർച്ച ചെയ്യപ്പെട്ടതായി അധികൃതർ പറഞ്ഞു.
പ്രദർശനത്തിന് വച്ചിരുന്ന ജീവികളിൽ പലതിനെയും കാണാനില്ലെന്ന് ജീവനക്കാരാണ് ആദ്യം ശ്രദ്ധിച്ചത്. ജീവികളെ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിലെ ഷെൽഫുകൾ പരിശോധിച്ചപ്പോൾ അവയും ശൂന്യമായിരുന്നു. തുടർന്നാണ് പൊലീസിനെ സമീപിച്ചതെന്ന് മ്യൂസിയം ഉടമയും ചീഫ് എക്സിക്യൂട്ടീവുമായ ജോൺ കേംബ്രിഡ്ജ് പറഞ്ഞു.
സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ ജീവനക്കാരുടെ യൂണിഫോം ധരിച്ച കുറേപ്പേർ മ്യൂസിയത്തിൽ കടന്ന് ജീവികളെ കൊണ്ടുപോകുന്നത് കണ്ടെത്തി. ഒരു ചെറിയ പെട്ടിയിൽ മെക്സിക്കൻ ഫയർലെഗ് ടരാന്റുല വിഭാഗത്തിൽപ്പെട്ട ചിലന്തിയുമാണ് ആദ്യം ഒരാൾ പോയത്. ഒരു മിനിറ്റിനകം ഒരു കൂട്ടം പേരെത്തി ജീവികളെ പെട്ടിയിലാക്കി കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ജീവികളെ എക്സിബിഷനും പഠന ക്ലാസുകൾക്കും വേണ്ടി കൊണ്ടുപോകാറുണ്ട്. എന്നാൽ ഏഴായിരത്തോളം ജീവികളെ കൊണ്ടുപോയത് എന്തിനെന്ന് അറിയില്ലെന്ന് ഉടമ കേംബ്രിഡ്ജ് പറഞ്ഞു. ജീവികളെ അധികനാൾ സൂക്ഷിക്കാനാവില്ലെന്നും അവ ചത്തൊടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യാന്തര മാർക്കറ്റിൽ ഇത്തരം ജീവികൾക്ക് വൻവിലയുണ്ടെന്നും അതിനാൽ ഇതിനു പിന്നിൽ കവർച്ചാ സംഘമാണെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തിൽ ജീവികളെ കവർച്ച ചെയ്ത് ഓൺലൈൻ വഴി വിപണനം ചെയ്യുന്ന കളളക്കടത്ത് സംഘങ്ങൾ സജീവമാണെന്ന് പൊലീസ് പറയുന്നു.
അതേസമയം, മ്യൂസിയത്തിൽനിന്നും 50,000 ഡോളർ വിലവരുന്ന ജീവികളാണ് മോഷണം പോയതെന്നാണ് പൊലീസ് റിപ്പോർട്ട്. മെക്സിക്കൻ ഫയർലെഗ് ടരാന്റുല വിഭാഗത്തിൽപ്പെട്ട ചിലന്തിക്ക് 250 ഡോളറോളം വില വരും. റിനോസിറോസ് പാറ്റകൾക്ക് ജോഡി ഒന്നിന് 500 ഡോളറാണ് വില.
കവർച്ചയ്ക്കു പിന്നാലെ മ്യൂസിയം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. കാണാതായ ജീവികൾക്കുപകരം പുതിയവയെ കൊണ്ടുവന്ന് നവംബറിൽ മ്യൂസിയം തുറക്കാനാണ് അധികൃതർ തയ്യാറെടുക്കുന്നത്.