ഹൈദരാബാദ്: നൈസം മ്യൂസിയത്തിൽനിന്നും മോഷണം പോയ കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കൾ കണ്ടെത്തി. മോഷണം നടത്തിയ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം നടത്തിയശേഷം ഹൈദരാബാദിൽനിന്നും മുംബൈയിലെത്തി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ.
രണ്ടു കിലോ തൂക്കമുളള സ്വർണ്ണത്തിന്റെ ടിഫിൻ ബോക്സ്, വജ്രം, എമറാള്‍ഡ്, പത്മരാഗം എന്നിവ പതിച്ച കപ്പ്, സോസര്‍, സ്പൂണ്‍ എന്നിവയാണ് മ്യൂസിയത്തിൽനിന്നും മോഷണം പോയത്. ഇതെല്ലാം മോഷ്ടാക്കളുടെ പക്കൽനിന്നും കണ്ടെടുത്തു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ടിഫിൻ ബോക്സ് നൈസാം പോലും ഉപയോഗിച്ചിരുന്നില്ല. എന്നാൽ മോഷ്ടാക്കൾ ഇതിലാണ് ദിവസവും ഭക്ഷണം കഴിച്ചിരുന്നതെന്ന് ഹൈദരാബാദ് പൊലീസ് പറഞ്ഞു.
സെപ്റ്റംബർ രണ്ടിന് രാത്രിയിലാണ് മോഷ്ടാക്കൾ പുരാണി ഹവേലിയിലെ മ്യൂസിയത്തിൽ കടന്ന് കവർച്ച നടത്തിയത്. ”മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന സ്വർണം കൊണ്ട് പൊതിഞ്ഞ ഖുറാനും മോഷ്ടിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. ഖുറാന് അടുത്ത് എത്തിയപ്പോഴാണ് ബാങ്ക് വിളി കേട്ടത്. അതുമൂലം ഖുറാൻ മോഷ്ടിച്ചില്ല. ഭയം കൊണ്ടാണോ അതോ വിശ്വാസം കൊണ്ടാണോ മോഷ്ടിക്കാതിരുന്നതെന്ന് വ്യക്തമല്ലെന്ന്” ഹൈദരാബാദ് പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ എൻഡിടിവിയോട് പറഞ്ഞു. മോഷണം പോയ വസ്തുക്കളുടെ ദുബായ് മാർക്കറ്റിലെ വില 30-40 കോടിയോളം വരുമെന്ന് പൊലീസ് മേധാവി പറഞ്ഞു.
Read: നൈസാം മ്യൂസിയത്തിൽനിന്നും കോടികൾ വിലമതിക്കുന്ന സ്വർണ ടിഫിൻ ബോക്സും കപ്പും സോസറും മോഷണം പോയി
മോഷണം നടന്ന് ഒരാഴ്ചയ്ക്കുളളിലാണ് പൊലീസ് മോഷ്ടാക്കളെ പിടികൂടിയത്. മോഷ്ടാക്കളെ പിടികൂടാൻ വളരെ ബുദ്ധിമുട്ടിയെന്നും പൊലീസ് പറഞ്ഞു. മ്യൂസിയത്തിൽ 32 സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നിട്ടും ഇവയിലൊന്നും മോഷ്ടാക്കളുടെ മുഖം പതിഞ്ഞിരുന്നില്ല. രണ്ടുപേർ ബൈക്കിൽ പോകുന്നതിന്റെ ദൃശ്യം മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ ഇവരുടെ മുഖം വ്യക്തമായിരുന്നില്ല. തണുപ്പായതിനാൽ മഫ്ളർ കൊണ്ട് തല മൂടിയിരുന്നു.
ബൈക്കിലിരിക്കുന്ന ഒരാൾ മൊബൈലിൽ സംസാരിക്കുന്നതായി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഈ കോൾ ട്രാക്ക് ചെയ്യാനായി 22 അംഗ ടീമിനെ പൊലീസ് നിയോഗിച്ചു. 300 ടവറുകളിൽനിന്നുളള ഡേറ്റ ശേഖരിച്ചു. ഇതെല്ലാം വെറുതെയായി. അന്വേഷണം വഴിതിരിച്ചുവിടാൻ മോഷ്ടാക്കൾ ഫോണിൽ സംസാരിക്കുന്നതുപോലെ അഭിനയിക്കുകയായിരുന്നു, പൊലീസ് മേധാവി പറഞ്ഞു.
പിന്നീടാണ് ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. അതിലൂടെ മോഷ്ടാക്കളെ തിരിച്ചറിഞ്ഞു. മുംബൈയിലേക്ക് കടന്ന മോഷ്ടാക്കൾ അവിടുത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു. മോഷ്ടാക്കളിലെ പ്രധാനി 26 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഏതാനും മാസങ്ങൾക്കു മുൻപ് മ്യൂസിയം കാണാനെത്തിയപ്പോഴാണ് മോഷണം നടത്താനുളള ആശയം ഉണ്ടായത്. മോഷണത്തിനു മുൻപ് വേഷം മാറി അഞ്ചോ ആറോ തവണ ഇവർ മ്യൂസിയം സന്ദർശിച്ചതായും പൊലീസ് പറഞ്ഞു.