കന്യാകുമാരി: മോഷണ വാര്‍ത്ത കണ്ട് പൊട്ടിച്ചിരിക്കുകയാണ് കന്യാകുമാരി. കാരണം എന്തെന്നല്ലേ? മോഷ്ടാവിന്റെ അസാമാന്യ ബുദ്ധിയാണ് ചിരിയ്ക്ക് കാരണം. മോഷണം നടത്താന്‍ മോഷ്ടാവെത്തിയത് മുഖം മറച്ചായിരുന്നു. പക്ഷെ ആ മുഖം എല്ലാവരും കണ്ടെന്ന് മാത്രം. കാരണം ആശാന്‍ മുഖം മറച്ചത് സുതാര്യമായ പ്ലാസ്റ്റിക് കവര്‍ കൊണ്ടായിരുന്നു.

പുതിയ തലമുറൈ ടിവി ചാനലാണ് വാര്‍ത്തയും വീഡിയോയും പുറത്ത് വിട്ടിരിക്കുന്നത്. കന്യാകുമാരി കൊളച്ചല്‍ മേഖലയിലെ ഒരു മൊബൈല്‍ ഷോപ്പിലായിരുന്നു മോഷണം അരങ്ങേറിയത്.

മുഖത്ത് സുതാര്യമായ പ്ലാസ്റ്റിക് കവര്‍ ഇട്ട കള്ളന്‍ അതീവ ശ്രദ്ധയോടെ കടയിലേക്ക് കടക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ചുറ്റും ആരെങ്കിലും ഉണ്ടോയെന്ന് നോക്കി അതീവ ജാഗ്രതയോടെയാണ് കള്ളന്റെ വരവൊക്കെ. കള്ളന്റെ ഇടതു കൈയ്യില്‍ ഒരു ടാറ്റു ഉണ്ടായിരുന്നു. ഇതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

ഒരു ലക്ഷം രൂപയാണ് കള്ളന്‍ മോഷ്ടിച്ചത്. പിറ്റേദിവസം ഷോപ്പുടമ കടയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടനെ പൊലീസ് എത്തുകയും സിസിടിവി പരിശോധിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം പൊലീസ് കള്ളനെ പിടികൂടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ