ഹനോയി: സെൻ ബുദ്ധസന്യാസിയും ആക്ടിവിസ്റ്റും ഗ്രന്ഥകാരനുമായ തിച് നാറ്റ് ഹാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ മൈൻഡ്ഫുൾനെസ്സ് എന്ന ആശയത്തിന് തുടക്കമിട്ടതും കിഴക്ക് സാമൂഹികമായി ഇടപെടുന്ന ബുദ്ധമതത്തിന് നേതൃത്വം നൽകിയതും ഇദ്ദേഹമായിരുന്നു.
വിയറ്റ്നാമിലെ ഹ്യൂയിലെ ടു ഹിയു പഗോഡയിലെ ഒരു ബുദ്ധസന്യാസി ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു, തന്റെ അനുയായികൾക്ക് തായ് എന്നറിയപ്പെടുന്ന നാറ്റ് ഹാൻ ശനിയാഴ്ച അർദ്ധരാത്രിയോടെ മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
തിച് നാറ്റ് ഹാനിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ‘ദി ഇന്റർനാഷണൽ പ്ലം വില്ലേജ് കമ്മ്യൂണിറ്റിയും മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
വിയറ്റ്നാമിൽ ജനിച്ച ഇദ്ദേഹം ഫ്രാൻസിലെ പ്ലം വില്ലേജിലെ ആശ്രമത്തിലാണ് തന്റെ ജീവിതകാലത്തിന്റെ പകുതിയും താമസിച്ചത്. 2014ൽ സ്ട്രോക്കിനെ അതിജീവിച്ച അദ്ദേഹം 2018 ഒക്ടോബറിൽ വിയറ്റ്നാമിലേക്ക് മടങ്ങി, ഹിയു പഗോഡയിലെ ആശ്രമത്തിലായിരുന്നു അവസാന നാളുകൾ ചെലവഴിച്ചത്.
സമാധാന പ്രസ്ഥാനത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും സജീവമായിരുന്നു അദ്ദേഹം, സംഘർഷങ്ങൾക്ക് അഹിംസാത്മകമായ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുകയും പ്രകൃതിയിലെ എല്ലാ ഘടകങ്ങളുടെയും പരസ്പര ബന്ധത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്തിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിലെ ഏറ്റവും വലിയ സന്യാസ സഭയുടെ സ്ഥാപകനായിരുന്നു അദ്ദേഹം.
സമാധാനം, കരുണ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ തിച് നാറ്റ് ഹാൻ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും, ‘ദി മിറാക്കിൾ ഓഫ് മൈൻഡ്ഫുൾനെസ്’, ‘സൈലൻസ്’, ‘പീസ് ഇൻ എവെരി സ്റ്റെപ്’ തുടങ്ങിയ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും ഏറെ ശ്രദ്ധ നേടിയവയാണ്.