വാഷിങ്ടണ്‍: അല്‍ഖായിദ ഭീകരന്‍ ഒസാമ ബിന്‍ ലാദന്‍ ആബട്ടാബാദിലുണ്ടെന്ന് പാക്കിസ്ഥാന്‍ വെളിപ്പെടുത്തിയിരുന്നെങ്കില്‍ നേരത്തേ വധിക്കാന്‍ കഴിയുമായിരുന്നെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്സ് ന്യൂസുമായുളള അഭിമുഖത്തിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

‘വ്യാപാര സമുച്ചയത്തിന് നേരെയുണ്ടായ അക്രമത്തിന് മുമ്പ് അയാളെ കുറിച്ച് ഞാന്‍ എന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിന് ഡോളറുകള്‍ നല്‍കിയിട്ടും ലാദന്‍ അവിടെ ഉണ്ടെന്ന് പാക്കിസ്ഥാന്‍ പറഞ്ഞില്ല, വിഡ്ഢികള്‍,’ ട്രംപ് പറഞ്ഞു. ഒരു വര്‍ഷം 1.3 ബില്യൻ ഡോളര്‍ സഹായമായി അമേരിക്കയില്‍ നിന്ന് കൈപ്പറ്റുന്ന പാക്കിസ്ഥാന്‍ തിരിച്ച് ഒന്നും നല്‍കുന്നില്ലെന്നും അതുകൊണ്ട് മേലില്‍ ഇത് ഉണ്ടാകില്ലെന്നും ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

‘നമ്മള്‍ പാക്കിസ്ഥാന് 1.3 ബില്യന്‍ ഡോളര്‍ ഒരു വര്‍ഷം കൊടുക്കുന്നു…ബിൻ ലാദന്‍ ജീവിച്ചത് പാക്കിസ്ഥാനിലാണ്. നമ്മള്‍ 1.3 ബില്യൻ ഇപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുന്നു. അത് ഇനി നമ്മള്‍ ഒരിക്കലും കൊടുക്കില്ല. നമുക്ക് വേണ്ടി ഒന്നും ചെയ്യാത്തതു കൊണ്ട് നമ്മള്‍ ഇത് അവസാനിപ്പിക്കുന്നു’. പാക് സഹായത്തെ കുറിച്ച് ഫോക്‌സ് ന്യൂസ് അവതാരകനുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വാക്കുകള്‍. വന്‍സഹായം വാങ്ങുന്നതല്ലാതെ ഭീകരതയ്ക്ക് എതിരെയുള്ള യുദ്ധത്തില്‍ കാര്യമായി ഒന്നും പാക്കിസ്ഥാന്‍ ചെയ്യുന്നില്ലെന്നും ട്രംപ് പറയുന്നു.

അമേരിക്കന്‍ പണം സ്വീകരിച്ച് ഒസാമ ബിന്‍ ലാദന് ആശ്രയമൊരുക്കിയ രാജ്യമാണ് പാക്കിസ്ഥാന്‍ എന്നും ട്രംപ് പറഞ്ഞു. പാക്കിസ്ഥാന് സഹായം നല്‍കുന്നതിനെതിരെ അധികാരത്തില്‍ വന്നതിന് ശേഷം പലകുറി പരസ്യമായി രംഗത്ത് വന്നിട്ടുള്ള ഭരണകര്‍ത്താവാണ് പ്രസിഡന്റ് ട്രംപ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ