ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ജഡ്ജി അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചതില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് കടുത്ത വിമര്‍ശനം ഉയരുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു.
ഇന്ത്യയെ ഒരു കുത്തകയായി കണ്ട് പെരുമാറാന്‍ അവര്‍ക്കു സാധിക്കില്ലെന്നു മനസിലാക്കണമെന്നു കോണ്‍ഗ്രസിനെ പേരെടുത്ത് പറയാതെ മന്ത്രി വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം ആറ് പുതുമുഖങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരായി നിയമിച്ചത്. അയോധ്യ ഭൂമി തര്‍ക്ക കേസ് പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ അംഗമായ റിട്ട. ജസ്റ്റിസ് എസ് അബ്ദുള്‍ നസീറും പട്ടികയില്‍ പെടുന്നു.
നസീര്‍ വിരമിച്ച് ആഴ്ചകള്‍ക്കുള്ളിലാണു ഗവര്‍ണറായുള്ള നിയമനം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു വലിയ ഭീഷണിയാണു നിയമനമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.
ഭരണഘടനയുടെ വ്യവസ്ഥകളാൽ ഇന്ത്യയെ നയിക്കുമെന്ന് റിജിജു ട്വിറ്ററിൽ കുറിച്ചു.
“ഒരു ഗവർണറുടെ നിയമനത്തിലൂടെ മുഴുവൻ ഇക്കോ സിസ്റ്റവും വീണ്ടും സജീവമായിരിക്കുന്നു. ഇന്ത്യയെ തങ്ങളുടെ കുത്തകയായി കണക്കാക്കാൻ കഴിയില്ലെന്ന് അവർ നന്നായി മനസിലാക്കണം, ”മന്ത്രി ട്വീറ്റ് ചെയ്തു.