മോറാദാബാദില്‍ 10 ദിവസം മുന്‍പ് കൂട്ടബലാത്സംഗത്തിന് ഇരയായ 12-ാം ക്ലാസ് വിദ്യാര്‍ഥി കഴിഞ്ഞ ഞായറാഴ്ചയാണ് ജീവനൊടുക്കിയത്. രണ്ട് പേജുള്ള ആത്മഹത്യക്കുറിപ്പ് അധികാരികള്‍ക്കും സമൂഹത്തിനും മുന്നിലേക്ക് നല്‍കിയായിരുന്നു 17 വയസുകാരിയുടെ മരണം.
നാല് പേര്‍ ചേര്‍ന്ന് അതിക്രൂരമായി തന്നെ പീഡിപ്പിച്ചതായും പൊലീസ് നടപടിയെടുത്തില്ലെന്നും പെണ്‍കുട്ടി ആത്മഹത്യക്കുറിപ്പില്‍ ആരോപിക്കുന്നു. മാര്‍ച്ച് എട്ടിനാണ് പെണ്‍കുട്ടിയുടെ കുടുംബം സമീപത്ത് താമസിക്കുന്ന നാല് പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
തന്നെ ദീര്‍ഘനാളായി നാല് പേര്‍ ചേര്‍ന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നെന്നും അവര്‍ പണക്കാരായതിനാല്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നുമാണ് ആത്മഹത്യക്കുറിപ്പില്‍ പെണ്‍കുട്ടി പറയുന്നത്.
“എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവര്‍ അനുവദിച്ചില്ല. അവരെ നേരിടാനുള്ള ധൈര്യം എനിക്കില്ല. ഒരിക്കലും എന്റെ കുടുംബം ദുഖിക്കരുത്. സര്‍, നിങ്ങള്‍ ദയവായി എന്നെ കേള്‍ക്കു. എന്റെ മരണത്തിന് ശേഷം അവരെ ശിക്ഷിക്കുക. എങ്കില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സമാധാനത്തോടെ ജീവിക്കാനും സ്വപ്നങ്ങള്‍ നേടാനും കഴിയും,” പെണ്‍കുട്ടി കുറിച്ചു.
തന്നെ കൊലപ്പെടുത്താന്‍ നാല്‍വര്‍ സംഘം ശ്രമിച്ചെന്നും ശല്യപ്പെടുത്തുന്നതിനാല്‍ സ്കൂളില്‍ പോകുന്നത് അവസാനിപ്പിച്ചെന്നും പെണ്‍കുട്ടി പറയുന്നു. “എന്റെ മാതാപിതാക്കളെ കൊല്ലുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ടെറസിലെത്തി കത്തി ചൂണ്ടിയായിരുന്നു ഭീഷണി. എന്റെ മാതാപിതാക്കള്‍ ഇതറിഞ്ഞതോടെ പൊലീസില്‍ പരാതിപ്പെട്ടു, പക്ഷെ ഫലമുണ്ടായില്ല,” ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
സംഭവത്തില്‍ പൊലീസ് വികേഷ്, അമൃത് എന്നീ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ ഒളിവിലാണ്.
പെണ്‍കുട്ടിയെ നാല്‍വര്‍ സംഘം ശല്യപ്പെടുത്തിയിരുന്നതായാണ് ഗ്രാമവാസികളും പറയുന്നത്. തന്റെ മകള്‍ക്ക് വലിയ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നെന്നും ഗ്രാമത്തില്‍ നിന്ന് ആദ്യം കോളജില്‍ പോകുന്ന പെണ്‍കുട്ടി അവള്‍ ആകുമായിരുന്നെന്നും പിതാവ് പറയുന്നു. “അധ്യാപികയാകാനായിരുന്നു അവളുടെ ആഗ്രഹം, അവളെ പഠിപ്പിക്കാന്‍ ലോണ്‍ എടുക്കാന്‍ വരെ തയാറായിരുന്ന. പക്ഷെ അവള്‍ സ്കൂളില്‍ പോകാതിരുന്നപ്പോള്‍ ഞാന്‍ ഞെട്ടി, അവളൊരു പോരാളിയായിരുന്നു, പക്ഷെ..” അദ്ദേഹം പറഞ്ഞു.
“ഹോളിയുടെ അന്ന് അവരെ വീട്ടില്‍ നിന്നാണ് ഞങ്ങള്‍ പിടിച്ചത്. എന്റെ മകള്‍ കരയുകയായിരുന്നു. അവര്‍ അവളെ ഉപദ്രവിച്ചു, പൊലീസില്‍ പരാതിപ്പെട്ടിട്ട് അവരൊന്നും ചെയ്തില്ല,” പിതാവ് കൂട്ടിച്ചേര്‍ത്തു.
കുറ്റവാളികളെക്കുറിച്ച് പെണ്‍കുട്ടി പറഞ്ഞിട്ടില്ലെന്നും വികേഷ് ഒരു തവണ മോശമായി പെരുമാറുന്നത് നേരിട്ടു കണ്ടിട്ടുണ്ടെന്നും സുഹൃത്തായ പെണ്‍കുട്ടി പറഞ്ഞു. ഗുണ്ടകള്‍ എപ്പോഴും കൂടെയുള്ളതിനാല്‍ അവര്‍ക്കെതിരെ പ്രതികരിക്കാനായില്ലെന്നും പെണ്‍കുട്ടി വിശദീകരിച്ചു.
പരാതി ശരിയായി കൈകാര്യം ചെയ്യാത്തതിന് ഒരു സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തതായി മൊറാദാബാദ് എസ്എസ്പി ഹേംരാജ് മീണ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കൽ, സ്ത്രീയെ അപമാനിക്കൽ, അതിക്രമം, ഭീഷണിപ്പെടുത്തൽ, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങൾക്കാണ് ആരോപണ വിധേയര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918