തൃശ്ശൂർ: മോഷ്ടാക്കളെ കൊണ്ട് വലഞ്ഞിരിക്കുകയാണ് തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾ. രാത്രികാലങ്ങളിൽ മോഷ്ടാക്കളെ പിടിക്കാനായി യുവാക്കളടക്കം സംഘം ചേർന്ന് പരിശോധനയ്ക്കിറങ്ങുന്നതും പതിവായി.കൊരട്ടി, കൊടുങ്ങല്ലൂർ, മാള മേഖലയിലാണ് ഇപ്പോൾ മോഷ്ടാക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.
മാളയ്ക്കടുത്ത് മേലൂരിൽ മിണ്ടിക്കുന്നിൽ വീടുകളുടെ മതിലിൽ കണ്ട അടയാളങ്ങളാണ് ഏറ്റവും ഒടുവിൽ നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് വിലങ്ങായിരിക്കുന്നത്. ഇവിടെ കപ്പേളയ്ക്ക് സമീപം ഭാവന അങ്കൺവാടി റോഡിലെ വവീടുകളുടെയെല്ലാം മതിലിൽ കരി കൊണ്ട് അവ്യക്തമായ ചിഹ്നങ്ങളും വാക്കുകളും എഴുതിവച്ചിട്ടുണ്ട്.
മേലൂർ ഗ്രാമപഞ്ചായത്തംഗം രാജേഷ് മേനോത്തിന്റെ വീടിന്റെ മതിലിലും അടയാളങ്ങളുണ്ട്. “ഇവിടെ ഒരു വീട്ടിൽ മരണം നടന്നപ്പോഴാണ് മതിലുകളിൽ വരച്ച് വച്ചിരിക്കുന്നത് ആളുകൾ ശ്രദ്ധിച്ചത്. എന്നാൽ കിൽ ആനിമൽസ് എന്ന് ഇംഗ്ലീഷിൽ എഴുതിയതല്ലാതെ മറ്റൊന്നും മനസ്സിലാക്കാൻ സാധിച്ചില്ല. അക്കങ്ങളും അടയാളങ്ങളും നാല് വീടുകളുടെ മതിലിൽ കണ്ടിരുന്നു.” രാജേഷ് പറഞ്ഞു.
കൊടുങ്ങല്ലൂരിൽ സലാം എന്നയാളെ നഗ്നനാക്ക മർദ്ദിച്ചതിന് പിന്നിലും സമാനമായ സംഭവമുള്ളതായി ഇവിടെ നിന്നുള്ള ജില്ല പഞ്ചായത്തംഗവും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായ നൗഷാദ് പറഞ്ഞു. “രാത്രിയിൽ മോഷ്ടാക്കളുടെ ശല്യം ഇവിടെ രൂക്ഷമാണ്. യുവാക്കൾ സംഘം ചേർന്ന് രാത്രി കാവൽ നിൽക്കുന്നതും പതിവാണ്. ഈ സമയത്താണ് സലാമിനെ കണ്ടെത്തുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
മോഷണശ്രമം പല ഭാഗങ്ങളിലുള്ളതായി കൊരട്ടി പോലീസ് പറഞ്ഞു. രാത്രിയിൽ പട്രോളിംഗ് കൂടുതലായി നടത്തുന്നുണ്ടെന്ന് മാള, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിൽ നിന്ന് വിവരം ലഭിച്ചു.