ന്യൂഡൽഹി: അധോലോക കുറ്റവാളിയും മുംബൈ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന് ഹൃദയാഘാതം ഉണ്ടായെന്ന് റിപ്പോർട്ട്. അതേസമയം, ദാവൂദിന്റെ അടുത്ത സഹായി ഛോട്ടാ ഷക്കീൽ ഈ വാർത്തയെ തളളി. ദാവൂദ് ആരോഗ്യവാനാണെന്ന് ഷക്കീൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് ദാവൂദിന് ഹൃദയാഘാതമുണ്ടായതായി വാർത്തകൾ വന്നത്. പാക്കിസ്ഥാനിലെ വസതിയിൽ വച്ചാണ് ഹൃദയാഘാതമുണ്ടായതെന്നും ഉടൻതന്നെ അദ്ദേഹത്തെ കറാച്ചിയിലെ അഗ ഖാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചില മാധ്യമങ്ങൾ ദാവൂദിന്റെ നില അതീവ ഗുരുതരമാണെന്നും ചിലർ ദാവൂദ് മരിച്ചതായും റിപ്പോർട്ട് ചെയ്തു.
ദാവൂദ് രോഗബാധിതനാണെന്ന തരത്തിൽ ഏറെ നാളുകളായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടായിരുന്നു.

1993 ലെ മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് 61 കാരനായ ദാവൂദ് ഇബ്രാഹിം. സ്ഫോടനത്തിൽ 257 പേർ കൊല്ലപ്പെടുകയും 800 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ദാവൂദ് പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്നെണ്ടാണ് ഇന്ത്യയുടെ രഹസ്യാന്വേഷണവിഭാഗം നൽകിയ വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദാവൂദിനെ കൈമാറണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാൻ ഇതുവരെ തയാറായിട്ടില്ല. പാക്കിസ്ഥാനിലെ ദാവൂദിന്റെ മേൽവിലാസം ഉൾപ്പെടെയുളള വിവരങ്ങൾ ഇന്ത്യ ഐക്യരാഷ്ട്രസഭയ്ക്കു കൈമാറിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ