/indian-express-malayalam/media/media_files/uploads/2019/03/rahul-2.jpg)
ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ബിസി ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ വച്ചാണ് മനീഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചു കൊണ്ടായിരുന്നു രാഹുല്‍ മനീഷിന്റെ പ്രവേശനത്തെ കുറിച്ച് സംസാരിച്ചത്.
''മനീഷ് ഖണ്ഡൂരിജി ഇവിടെ എത്തിയതിന് ഒരു കാരണമുണ്ട്. ബിസി ഖണ്ഡൂരി പാര്‍ലമെന്റിലെ പ്രതിരോധ കമ്മിറ്റിയിലെ അംഗമായിരുന്നു. തന്റെ ജീവിതം അദ്ദേഹം രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ സൈന്യത്തെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പറഞ്ഞ് ചോദ്യം ചോദിച്ച നിമിഷം അദ്ദേഹത്തെ കമ്മിറ്റിയില്‍ നിന്നും നരേന്ദ്രമോദി പുറത്താക്കുകയായിരുന്നു'' രാഹുല്‍ പറഞ്ഞു. ''സത്യത്തിന് ബിജെപിയില്‍ സ്ഥാനമില്ല'' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Congress President Rahul Gandhi in Dehradun on Manish Khanduri, son of former Uttarakhand CM & BJP leader Maj Gen (Retd) BC Khanduri, joining Congress: I will tell you why he is here today. You all know his father very well. He was the Chairman of Parliament Defence Committee. pic.twitter.com/p54I3jPgFC
— ANI (@ANI) March 16, 2019
രാജ്യത്തിന്റെ സൈന്യത്തിലും പാരാമിലിറ്ററിയിലും സേവനമനുഷ്ടിക്കുന്ന ഉത്തരാഖണ്ഡിലെ യുവാക്കള്‍ക്ക് രാഹുല്‍ നന്ദി പറഞ്ഞു. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്നും രാഹുല്‍ പറഞ്ഞു. ആക്രമണത്തിന് മുമ്പും ശേഷവും രാജ്യത്തിന് ഒപ്പമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ താന്‍ പൊതു പരിപാടികളെല്ലാം ക്യാന്‍സല്‍ ചെയ്തു. എന്നാല്‍ മോദി അപ്പോഴും ജിം കോര്‍ബറ്റ് പാര്‍ക്കില്‍ ഷൂട്ടിങ് നടത്തുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
Read More: കാലാവധി കഴിഞ്ഞ ചായപ്പൊടി കൊണ്ട് രാഹുല്‍ ഗാന്ധിക്ക് ചായയിട്ട് നല്‍കി; പൊലീസ് കേസെടുത്തു
റഫേല്‍ വിഷയവും രാഹുല്‍ ഡെഹറാഡൂണില്‍ ഉയര്‍ത്തി.'' അനില്‍ അംബാനിക്ക് പേപ്പര്‍ നല്‍കിയാല്‍ അതുകൊണ്ട് പോലും വിമാനം ഉണ്ടാക്കാന്‍ അയാള്‍ക്ക് സാധിക്കില്ല. എച്ച്എഎല്ലാണ് ഫൈറ്റര്‍ ജെറ്റുകളുണ്ടാക്കിയത്. പാകിസ്ഥാന്‍ ജെറ്റ് വെടിവെച്ച മിഗ് വിമാനവും ഉണ്ടാക്കിയത് എച്ച്എഎല്ലാണ്. യുപിഎ സര്‍ക്കാര്‍ എച്ച്എഎല്ലിന് കരാര്‍ നല്‍കിയത് അവര്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മാണം നടത്തുമെന്ന നിബന്ധനയിലാണ്. ഏറ്റവും വലിയ പ്രതിരോധ കരാറായിരുന്നു ഇത്. എന്നാല്‍ മോദി പ്രധാനമന്ത്രിയായപ്പോള്‍ അനില്‍ അംബാനി ഫ്രാന്‍സിലേക്ക് പോകുന്നു. അതോടെ എച്ച്എഎല്‍ പുറത്തായി. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ പറഞ്ഞത് എനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു. 526 കോടിയുടെ വിമാനം 1600 കോടിയ്ക്കാണ് വാങ്ങിയത്'' രാഹുല്‍ പറഞ്ഞു.
കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച രാഹുല്‍ മോദിക്ക് റഫേലുമായി ബന്ധപ്പെട്ട തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനോ തന്നെ അഭിമുഖീകരിക്കാനോ സാധിക്കുന്നില്ലെന്നും പറഞ്ഞു.
Read Also: ഞാന്‍ മാത്രമല്ല, നിങ്ങളും കാവല്‍ക്കാരാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
നോട്ട് നിരോധനം കൊണ്ട് രാജ്യത്തെ കര്‍ഷകര്‍ വളരെയധികം കഷ്ടപ്പെട്ടുവെന്ന് പറഞ്ഞ രാഹുല്‍ മധ്യപ്രദേശിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും അധികാരത്തിലെത്തി നാളുകള്‍ക്കുള്ളില്‍ കര്‍ഷക കടങ്ങള്‍ എഴുതിതള്ളിയെന്ന് പറഞ്ഞു. മോദി രണ്ട് കോടി ജോലികളും എല്ലാവര്‍ക്കും 15 ലക്ഷവും വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നടന്നില്ലെന്നും രാഹുല്‍ പറഞ്ഞു. നോട്ട് നിരോധനം മൂലം ഏറ്റവും കഷ്ടപ്പെട്ടത് സ്്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയില്‍ മാറ്റം വരുത്തുമെന്ന് രാഹുല്‍ പറഞ്ഞു. മോദി കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും ഒന്നും നല്‍കിയിട്ടില്ല. അവരുടെ പണം മുഴുവന്‍ അംബാനിമാര്‍ക്ക് നല്‍കുകയാണെന്നും രാഹുല്‍ തുറന്നടിച്ചു. കോണ്ഡഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പു വരുത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.