ലണ്ടൻ: ദൈവമില്ല, പ്രപഞ്ചത്തിന് സൃഷ്ടാവില്ല, ആരും നമ്മുടെ വിധി നിയന്ത്രിക്കുന്നുമില്ല, പറയുന്നത് മറ്റാരുമല്ല അന്തരിച്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്. തന്റെ അവസാനത്തെ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. പ്രപഞ്ചസൃഷ്‍ടി, അന്യഗ്രഹ ജീവികൾ, അന്യഗ്രഹത്തിൽ മനുഷ്യജീവിതത്തിന്റെ സാധ്യത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളെകുറിച്ചാണ് പുസ്തകം ചർച്ച ചെയ്യുന്നത്.

ഹോക്കിങ്ങിന്റെ മരണശേഷം മകൾ ലൂസിയാണ് ഈ പുസ്തകം പുറത്തിറക്കാൻ മുൻകൈയെടുത്തത്. അദേഹത്തിന്റെ ചിന്തകൾ, നർമ്മം, സിദ്ധാന്തങ്ങൾ എന്നിവ ഈ പുസ്തകത്തെ മനോഹരമാക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നാണ് ഹോക്കിങ്ങിന്റെ മകൾ പറഞ്ഞത്.

ഹാച്ചറ്റ് കമ്പനി പബ്ലിഷ് ചെയ്തിരിക്കുന്ന “വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ” എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിൽ പ്രപഞ്ച സത്യങ്ങളെ കുറിച്ച് സറ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതാനുഭവങ്ങളും വിവരിക്കുന്നുണ്ട്. “കുറേ നാളുകളോളം ഞാൻ വിചാരിച്ചിരുന്നത് എന്നെ പോലെയുള്ള ആളുകൾ ദൈവത്തിന്റെ ശാപം കൊണ്ടാണ് ഇങ്ങനെയായതെന്നാണ്. എന്നെ ദൈവത്തിന് ഇഷ്ടമല്ല എന്നാണ്, എന്നാൽ ഞാൻ മറിച്ച് ചിന്തിക്കാൻ തുടങ്ങി. പ്രകൃതിയുടെ നിയമത്തിൽ എല്ലാം മറ്റൊരു രീതിയിൽ വിശദമാക്കാനാകും” എന്നാണ് “ദൈവം ഉണ്ടോ” എന്ന അധ്യായത്തിൽ എഴുതിയിരിക്കുന്നത്.

“ദൈവം” എന്ന പദം അമൂത്തമായ ഒന്നിനെ പ്രതിനിധീകരിക്കാനാണ്. ആൽബർട്ട് ഐൻസ്റ്റീൻ പ്രകൃതി നിയമങ്ങളെയാണ് അങ്ങനെ വിളിച്ചിരുന്നത്, അതിനാൽ ദൈവത്തെ അറിയുക എന്നാൽ പ്രകൃതി നിയമങ്ങളെ മനസിലാക്കുകയാണ്. പ്രപഞ്ചം സൃഷ്‌ടിക്കുന്നതിന് ഒരു ശക്തിയുടെ ആവശ്യമില്ലെന്നാണ് വിധിയെക്കുറിച്ചുളള ചോദ്യത്തിന് സ്റ്റീഫൻ ഹോക്കിങ് പറയുന്നത്

സ്വർഗ്ഗം, മരണാന്തര ജീവിതം എന്നൊന്നില്ല, അങ്ങിനെയൊന്നിനെ സാധൂകരിക്കാൻ തക്ക തെളിവൊന്നും ശാസ്ത്രത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

പ്രപഞ്ച വീക്ഷണങ്ങൾ, ഭൗതിക ശാസ്ത്രം എന്നീ വിഷയങ്ങളിൽ ശ്രദ്ധേയനാണ് സ്റ്റീഫൻ ഹോക്കിങ്. ഇത്തരം നിരവധി സിദ്ധാന്തങ്ങൾ മുന്നോട്ട് വച്ച അദ്ദേഹം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ കോസ്മോളജി വിഭാഗം ഡയറക്ടറായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ