ദോക്ലാം: രണ്ട് മാസത്തിലേറെയായി ഇന്ത്യ-ചൈന അതിർത്തിയിൽ ഉരുണ്ടു കൂടിയ യുദ്ധ ഭീഷണിക്ക് അറുതി. ദോക്ലാമിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇരുരാജ്യങ്ങൾ തമ്മിൽ ധാരണയായി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിനാണ് ഇതോടെ വിരാമമാകുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇരുരാജ്യങ്ങളും സൈനികരെ പിന്‍വലിക്കും.
MEA Press Statement on Doklam Disengagement Understanding pic.twitter.com/fVo4N0eaf8
— Raveesh Kumar (@MEAIndia) August 28, 2017
ഇരു രാജ്യങ്ങളും തമ്മിൽ ദിവസങ്ങളായി നടന്നു വന്ന നയതന്ത്രതല ചർച്ചകളാണ് സേനാ പിന്മാറ്റത്തിന് വഴിവച്ചത്. സൈനികരുടെ പിന്മാറ്റം ഇതിനോടകം തന്നെ ആരംഭിച്ചുവെന്നും തോട്ടടുത്ത ദിവസങ്ങളിൽ തന്നെ സൈനിക പിന്മാറ്റം പൂർത്താകുമെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
അതിർത്തി പ്രദേശത്ത് ദോക്ലാം പീഠഭൂമിക്ക് സമാന്തരമായി 3500 കിലോമീറ്റർ ദൂരത്തിൽ ചൈന റോഡ് നിർമ്മാണം ആരംഭിച്ചതോടെയാണ് വിഷയങ്ങൾ ആരംഭിക്കുന്നത്. ഇതിനെതിരെ ഇന്ത്യ രംഗത്ത് വന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം വഷളായി. തുടർന്ന് ആരോപണ-പ്രത്യാരോപണങ്ങളും ഭീഷണികളും ഇരു രാജ്യങ്ങൾക്കുമിടയിൽ തുടരുകയായിരുന്നു.
ജൂണ്‍ 16നാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഡോക് ലാ മേഖലയിൽ റോഡ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ചൈന റോഡ് നിർമാണം നടത്താൻ ശ്രമിച്ച മേഖല ഇന്ത്യ, ഭൂട്ടാൻ, ടിബറ്റ് മേഖലയിൽ വരുന്നതാണ്. ഇപ്പോൾ ചൈനയുടെ നിയന്ത്രണത്തിലുള്ള ഇവിടെ നിർമാണ പ്രവർത്തനം നടത്തുന്നതിൽ ഭൂട്ടാൻ സർക്കാരും ചൈനയെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചെന്നാരോപിച്ച് ചൈന അതിർത്തി അടച്ചിരുന്നു. ഡോക് ലായിൽൽ സംഘർഷ സാധ്യത ഏറിയതോടെ ഇരുരാജ്യങ്ങളും ഇവിടെ നിരവധി സൈനികരെ വിന്യസിച്ചിരുന്നു.