തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം മത വിവേചനത്തിന് ഇടയാക്കുമെന്നും കേന്ദ്രത്തിന്റേത് മത രാഷ്ട്ര സമീപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ പട്ടികയിൽ നിന്ന് പുറത്ത് പോകുന്നവരെ പാര്‍പ്പിക്കാനുള്ള തടങ്കൽ പാളയങ്ങൾ കേരളത്തിൽ ഉണ്ടാകില്ല. അതിനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാർ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം കേരള നിയമസഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭരണഘടനാ വിരുദ്ധമായ നിയമമാണിത്‌. രാജ്യത്തിനകത്തുമാത്രമല്ല, പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ ആവശ്യപ്പെട്ടു. മത വിവേചനത്തിന്റെ രീതിയിലുള്ള ഈ ഭേദഗതി അന്താരാഷ്ട്രാ സമൂഹത്തില്‍തന്നെ നമ്മുടെ നാടിനെക്കുറിച്ച് തെറ്റായ ചിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി ബില്ലിനെ കടലിൽ തള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർവകക്ഷി യോഗം രാഷ്ട്രപതിയെ കണ്ട് ആശങ്ക അറിയിക്കണം. രാജ്യത്തിന്റെ പാരമ്പര്യം തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇന്ത്യയെ മതരാഷ്ട്രമായി മാറ്റാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല.

പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പിന്തുണച്ചു. ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ മാത്രമാണ് പ്രമേയത്തെ എതിർത്തത്. രാജ്യത്താദ്യമായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു നിയമസഭ പ്രമേയം ചർച്ച ചെയ്യുന്നതും പാസാക്കുന്നതും. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook