കൊൽക്കത്ത: തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് പശ്ചിമ ബംഗാളിന്റെ ജനജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ”ബന്ദിനെക്കുറിച്ച് ഒരു വാക്കുപോലും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു ബന്ദിനെയും പിന്തുണയ്ക്കേണ്ടെന്ന നിലപാടാണ് ബംഗാളിൽ സർക്കാർ സ്വീകരിച്ചിട്ടുള്ളത്. മതി മടുത്തു. കഴിഞ്ഞ 34 വർഷത്തിനിടയിൽ അവർ (ഇടതു മുന്നണി) ബന്ദിന് ആഹ്വാനം ചെയ്ത് സംസ്ഥാനത്തെ തകർത്തു. ഇനി മുതൽ ഇവിടെ ഒരു ബന്ദും ഇല്ല,” മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പണിമുടക്കിനെതിരെ ശക്തമായ നടപടികളാണ് ബംഗാളിൽ സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജോലിക്ക് എത്താത്ത സർക്കാർ ജീവനക്കാർക്ക് ആ ദിവസങ്ങളിൽ അവധി നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. പണിമുടക്ക് ദിവസം അധികമായി 500 ബസ്സുകൾ നിരത്തിലിറക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ ബസ്സുകളും ടാക്സി സർവ്വീസുകളും ഓൺലൈൻ വാഹന സേവനങ്ങളും പതിവുപോലെ പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നഗരങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കുമെന്ന് സംസ്ഥാന പൊലീസ് ഡിപ്പാർട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ”ജനജീവിതം തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. കടകൾ തുറക്കുന്നത് തടയാനോ ബാരിക്കേഡുകൾ സ്ഥാപിക്കാനോ ആരെയും അനുവദിക്കില്ല. മാർക്കറ്റുകൾ, കടകൾ, ഷോപ്പിങ് മാളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാം പതിവുപോലെ തുറന്നു പ്രവർത്തിക്കും,” പൊലീസ് ഉദ്യോഗ്ഥൻ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വേ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

വര്‍ഷം ഒരു കോടി തൊഴിലവസരമെന്ന വാഗ്‌ദാനം പാലിക്കാത്തത്, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, തൊഴിലാളി നയങ്ങള്‍ ഭേദഗതി ചെയ്ത് തൊഴിലാളി വിരുദ്ധ നയങ്ങളാക്കി മാറ്റല്‍, ജിഎസ്ടി മൂലമുള്ള വിലക്കയറ്റം തുടങ്ങി അനവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 48 മണിക്കൂര്‍ ഗ്രാമീണ്‍ ഭാരത് ബന്ദിന് കിസാന്‍ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ