ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയെ വിസ്മൃതിയിലേക്ക് മറയാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ സത്യം മനസിലാക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ കോണ്‍ഗ്രസും ആറ് പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സൊഹറാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടിരുന്ന ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തില്‍ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് ഇംപീച്ച്‌മെന്റ് നീക്കങ്ങളുമായി കോണ്‍ഗ്രസും മറ്റും രംഗത്തെത്തിയത്.

”പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുന്നു, എല്ലാം മാനേജ് ചെയ്തിരിക്കുകയാണ്, എന്നാണ് ജസ്റ്റിസ് ലോയയുടെ കുടുംബം പറഞ്ഞത്. എന്നാല്‍ എനിക്ക് അവരോട് പറയാനുള്ളത് പ്രതീക്ഷ അവസാനിച്ചിട്ടില്ലെന്നാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സത്യം കാണുന്നുണ്ട്. ജസ്റ്റിസ് ലോയയെ മറക്കാന്‍ ഇന്ത്യക്കാര്‍ അനുവദിക്കില്ല,” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്ന് ലോയയുടെ കുടുംബ പറയുന്ന പത്രവാര്‍ത്ത സഹിതമായിരുന്നു രാഹുലിന്റെ ട്വീറ്റ്. സുപ്രീം കോടതി വിധിയെ എതിര്‍ത്ത് ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകളെ കുറിച്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സൊഹറാബുദ്ദീന്‍ കേസില്‍ കുറ്റവിമുക്തനായ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേയും രാഹുല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

2014 ഡിസംബര്‍ ഒന്നിനായിരുന്നു ജസ്റ്റിസ് ലോയ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. തന്റെ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ലോയ. എന്നാല്‍ ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ