പാറ്റ്ന: എൻഡിഎ പാളയത്തിലേക്ക് മടങ്ങിയെത്തി ദിവസങ്ങൾക്ക് ശേഷം ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ മോദിയെ പ്രകീർത്തിച്ച് രംഗത്ത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് മോദിക്ക് എതിരാളികളില്ലെന്നാണ് നിതീഷ് കുമാർ പറഞ്ഞത്. താനെന്നും പ്രതിപക്ഷത്തിന്റെ ഐക്യത്തിന് വേണ്ടിയാണെന്നും എന്നാൽ പ്രതിപക്ഷത്തിന് യാതൊരു അജണ്ടയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തിയ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലും താനെടുത്ത തീരുമാനം ശരിയായിരുന്നുവെന്ന നിലപാടിൽ നിതീഷ് കുമാർ ഉറച്ചുനിന്നു. “ഞാൻ ഒരു ചെറിയ പാർട്ടിയുടെ നേതാവാണ്. എനിക്ക് ദേശീയ ലക്ഷ്യങ്ങളൊന്നുമില്ല”, അദ്ദേഹം പറഞ്ഞു.

ബീഹാറിൽ തന്റെ ഇടപെടലുകൾ ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടുന്നതിനാൽ ഇത് ദേശീയ ഇടപെടലായിട്ട് തന്നെ കാണുന്നു. കേന്ദ്രത്തോട് ഏറ്റവും സൗഹൃദം പുലർത്തുന്ന സംസ്ഥാനമെന്ന നിലയിൽ ബീഹാറിന് പ്രത്യേക പിന്തുണ ലഭിക്കുമെന്ന താൻ പ്രതീക്ഷിക്കുന്നു.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിയ്ക്ക് കേന്ദ്രത്തിലേക്ക് എതിരാളികളില്ലെന്ന അഭിപ്രായവും നിതീഷ് കുമാർ തുറന്നുപറഞ്ഞു. കേന്ദ്ര നിലപാടുകളെ എല്ലായ്പ്പോഴും എതിർക്കുക എന്നല്ലാതെ പ്രതിപക്ഷത്തിന് ഒരു ആശയവും ഇല്ല. ഞാനെന്നും പ്രതിപക്ഷത്തിന്റെ ഐക്യത്തിന് വേണ്ടിയാണ് നിന്നതെന്നും നിതീഷ് കുമാർ പറഞ്ഞു.

“താനെന്നും ജനത പാർട്ടികളുടെ ഐക്യത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്. ആസാമിൽ എജിപിയുമായും, യുപിയിൽ സഖ്യകക്ഷിയാകാനും ഗുജറാത്തിൽ ഹർദ്ദിക് പട്ടേലിനൊപ്പം പ്രവർത്തിക്കാനും താൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഒന്നും യാഥാർത്ഥ്യമായില്ല.

“ഞാനെന്നും അഴിമതിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്. മഹാസഖ്യവുമായി ഞാൻ തുടർന്നേനെ. പക്ഷെ അഴിമതിയുമായി സന്ധി ചെയ്യാൻ ആവശ്യപ്പെടരുത്. അത് സാധ്യമല്ലാത്തത് കൊണ്ടാണ് സഖ്യം ഉപേക്ഷിച്ചത്. എനിക്കറിയാമായിരുന്നു ഞാൻ വിമർശിക്കപ്പെടുമെന്ന്. എന്നാൽ അഴിമതിക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിൽ കൂടുതൽ വിമർശിക്കപ്പെട്ടേനെ”, അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ