ന്യൂഡല്‍ഹി: ബിജെപിയുമായി ജെഡിയുവിന് യാതൊരു പ്രശ്‌നങ്ങളും ഇല്ല എന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എട്ട് ജെഡിയു നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി നിതീഷ് കുമാര്‍ ബിഹാറിലെ മന്ത്രിസഭ കഴിഞ്ഞ ദിവസം വിപുലീകരിച്ചിരുന്നു. ഇതില്‍ ബിജെപി നേതാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെ ജെഡിയു – ബിജെപി ഭിന്നതയെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെ തള്ളിയാണ് നിതീഷ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിസഭയിൽ ജെഡിയു മന്ത്രിമാരുടെ ഒഴിവുകളാണ് നികത്തുന്നതെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. അർഹിച്ച പ്രാതിനിധ്യം ലഭിച്ചില്ല എന്നതിന്റെ പേരിൽ കേന്ദ്രമന്ത്രിസഭയിൽ മന്ത്രിസ്ഥാനം സ്വീകരിക്കാതെ ജെഡിയു മാറിനിന്നിരുന്നു. ഇതും നേരത്തെ വാർത്തയായിരുന്നു.

Read More: ‘സാധ്വി പ്രഗ്യാ സിങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം’; ബിജെപിയെ പ്രതിരോധത്തിലാക്കി നിതീഷ് കുമാര്‍

ബിജെപി സഖ്യത്തിൽ നിന്നും നിതീഷ് കുമാറും ജെഡിയുവും അകലുകയാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, ബിജെപിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് നിതീഷ് കുമാർ നേരിട്ട് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. രണ്ടാം നരേന്ദ്രമോദി സർക്കാരിൽ ഒരു ക്യാബിനറ്റ് മന്ത്രിയുൾപ്പെടെ മൂന്ന് സ്ഥാനങ്ങളാണ് ജെഡിയു നേതാവായ നിതീഷ് കുമാർ ആവശ്യപ്പെട്ടത്. എന്നാൽ ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം മാത്രം നൽകാമെന്നായിരുന്നു ബിജെപി നിലപാട്. ഇതേ തുടർന്ന് മന്ത്രിസ്ഥാനം വേണ്ട എന്ന് ജെഡിയു ഉറപ്പിച്ചു പറഞ്ഞു.

Read More: മോദിയെ പ്രകീർത്തിച്ച് നിതീഷ് കുമാർ; ‘2019 ലേക്ക് എതിരാളികളില്ലാത്ത നേതാവ്’

ബിഹാറില്‍ ബിജെപി – ജെഡിയു – എല്‍ജെപി സഖ്യം ഒന്നിച്ച് മത്സരിച്ചാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. ആകെയുള്ള 40 സീറ്റുകളില്‍ 39 സീറ്റുകളും ഈ സഖ്യം നേടി. ജെഡിയു സ്ഥാനാര്‍ഥികള്‍ മത്സരിച്ച 17 സീറ്റുകളിലും 16 ലും ജയിച്ചപ്പോള്‍ ബിജെപി 17 സീറ്റിലും എല്‍ജെപി ആറ് സീറ്റിലും വിജയിച്ചു. ബിഹാറില്‍ അടുത്ത വര്‍ഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

സഖ്യമായി തന്നെ മത്സരിച്ച് ബിഹാറിൽ അധികാരം നിലനിർത്താനാണ് ജെഡിയുവും ബിജെപിയും ശ്രമിക്കുന്നത്. ചില വിഷയങ്ങളിൽ ഇരുവർക്കും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെങ്കിലും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ സഖ്യം തുടരണമെന്നാണ് ഇരു പാർട്ടികളുടെയും പക്ഷം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook