ഇസ്‌ലാമാബാദ്: കശ്മീരിനെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആണവ യുദ്ധം ഉണ്ടാകാനുളള എല്ലാ സാധ്യതയുണ്ടെന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനപ്പുറത്തേക്ക് പോകാൻ സാധ്യതയുള്ള ഒരു ദുരന്തമായി അത് മാറിയേക്കുമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അൽജസീറ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം. ആണവായുധ ശക്തികളായ രണ്ടു രാജ്യങ്ങൾ തമ്മിലുളള യുദ്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പാക് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

”പാക്കിസ്ഥാൻ പരമ്പരാഗത യുദ്ധത്തിലേർപ്പെട്ടാൽ, ഞങ്ങൾ തോൽക്കുന്ന സാഹചര്യമുണ്ടായാൽ, ഞങ്ങൾക്കു മുന്നിൽ രണ്ടു വഴികളേയുളളൂ: ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുക, പാക്കിസ്ഥാനികൾ അവരുടെ സ്വാതന്ത്ര്യത്തിനായി മരണംവരെ പോരാടുമെന്ന് എനിക്കറിയാം.”

Read Also: കശ്മീർ വിഷയം: ഇന്ത്യയുമായി ഒരു സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ ഒരിക്കലും ആദ്യം ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കില്ലെന്ന തന്റെ മുൻ പരാമർശത്തെക്കുറിച്ചും പാക് പ്രധാനമന്ത്രി പറഞ്ഞു. ”ഞാനൊരു സമാധാനവാദിയാണ്, ഞാനൊരു യുദ്ധവിരോധിയാണ്, യുദ്ധം ഒരു പ്രശ്നങ്ങൾക്കുമുളള പരിഹാരമല്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷേ ആണവ ശക്തിയുളള രണ്ടു രാജ്യങ്ങൾ യുദ്ധത്തിലേർപ്പെട്ടാൽ, അവർ പരമ്പരാഗത യുദ്ധമാണ് നടത്തുന്നതെങ്കിൽ, അത് ആണവായുധ പ്രയോഗത്തിലേക്ക് ചെന്നവസാനിക്കാനുളള എല്ലാ സാധ്യതകളും നിലനിൽക്കുന്നുണ്ട്.”

ഇത്തരമൊരു വലിയ ദുരന്തം ഒഴിവാക്കാൻ യുണൈറ്റഡ് നാഷൻസ് മുന്നിട്ടിറങ്ങണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. ”ഞങ്ങൾ യുഎന്നിനെ സമീപിച്ചത് ഇതിനാലാണ്, ഓരോ രാജ്യാന്തര ചർച്ചാ വേദികളിലും ഞങ്ങൾ ഇക്കാര്യം പറയുന്നുണ്ട്. അവർ ഇപ്പോൾ പ്രവർത്തിക്കണം, കാരണം ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിനപ്പുറത്തേക്ക് പോകാൻ സാധ്യതയുള്ള ഒരു ദുരന്തമാണ്,” ഖാൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. തീവ്രവാദത്തിന്റെ പേരിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തി കശ്മീർ വിഷയം മറയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook