കൊൽക്കത്ത: വെസ്റ്റ് ബംഗാളിൽ നിന്നുളള രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി അഭിഷേക് മനു സിങ്‌വിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തൃണമൂൽ കോൺഗ്രസ് നേരത്തേ തന്നെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇടതുപക്ഷം ഇവിടെ തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

നേരത്തേ രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലെത്തിക്കാൻ സഹായിക്കാമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. എന്നാൽ സീതാറാം യെച്ചൂരി മത്സരിക്കുന്നില്ലെന്ന് സിപിഎം നയം വ്യക്തമാക്കി. ഇതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ സിപിഎം പിന്തുണച്ചേക്കുമെന്ന തരത്തിലായിരുന്നു രാഷ്ട്രീയ നീക്കങ്ങൾ.

ഇത് മുന്നിൽക്കണ്ട് മമത ബാനർജി അഞ്ച് സീറ്റിൽ നാല് സ്ഥാനാർത്ഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്. ജയിക്കുമെന്ന് ഉറപ്പില്ലാത്ത സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കുമെന്നാണ് മമത വ്യക്തമാക്കിയിരുന്നത്. പിന്നാലെ സിപിഎമ്മും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എന്നാൽ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുളള ആൾക്കരുത്ത് സിപിഎമ്മിന് ബംഗാളിൽ ഇപ്പോഴില്ല. മുതിർന്ന നേതാവ് റെബിൻ ദേബിനെയാണ് ഇവിടെ സിപിഎം സ്ഥാനാർത്ഥിയാക്കിയത്.

ബംഗാളിൽ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിനാണ് സ്ഥാനമുളളതെന്ന് കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർത്ഥി അഭിഷേക് മനു സിങ്‌വി വ്യക്തമാക്കി. “ഈ സംസ്ഥാനത്തിന്റെ കണക്കും ചരിത്രവും ഭൂമിശാസ്ത്രവും എക്കാലത്തും ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. എന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ നൽകിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് ഏറെ നന്ദിയുണ്ട്,” സിങ്‌വി പറഞ്ഞു.

എന്നാൽ മുൻ തിരഞ്ഞെടുപ്പിലും മമത ബാനർജി നയിക്കുന്ന ഭരണപക്ഷം തങ്ങളുടെ സ്ഥാനാർത്ഥിയെ പിന്തുണച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ അബ്ദുൾ മന്നൻ പറഞ്ഞു. അതുകൊണ്ട് പ്രതിപക്ഷത്ത് തൃണമൂലിനെതിരെ ശക്തമായ നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. “സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുളള സ്വാതന്ത്ര്യം സിപിഎമ്മിനുണ്ട്. അവരുടെ ആ സ്വാതന്ത്ര്യത്തെ വിമർശിക്കാൻ ഞാനില്ല,” എന്നാണ് സിങ്‌വി പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ