ന്യൂഡൽഹി: ഭീകരവാദികൾക്ക് മതമില്ല, ഭീകരവാദത്തെ ആശ്ലേഷിക്കുന്നവർ ഭീകരവാദികൾ മാത്രമാണ്, അല്ലാതെ മുസ്‌ലിം ഭീകരവാദിയോ ക്രിസ്ത്യൻ ഭീകരവാദിയോ ഇല്ലെന്ന് തിബത്തൻ ആത്മീയാചാര്യനായ ദലൈലാമ അഭിപ്രായപ്പെട്ടു. ഒരാൾ ഭീകരവാദിയാകുന്നതോടെ അയാൾ മുസ്‌ലിമോ ക്രിസ്ത്യാനിയോ മറ്റേതെങ്കിലും വിഭാഗത്തിൽപ്പെട്ടയാളോ ആയിക്കോട്ടെ അയാളുടെ ആ മതവുമായുളള ബന്ധം അതോടുകൂടി അവസാനക്കുകയാണെന്ന് ദലൈലാമ പറഞ്ഞു.

മണിപ്പാലിലെ ത്രിദിന സന്ദർശനത്തിന്രെ ഭാഗമായി രണ്ടാം ദിനത്തിൽ ഇംഫാലിൽ നൽകിയ പൊതു സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “അമേരിക്ക ഫസ്റ്റ്” എന്ന അമേരിക്കൻ പ്രസിഡന്ര് ഡൊണൾഡ് ഡ്രംപിന്രെ മുദ്രാവാക്യത്തോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമങ്ങൾ കൊണ്ട് ലോകത്തെ ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്ന് നൊബേൽ ജേതാവായ അഹിംസയുടെ വക്താവുമായ ദലൈലാമ അഭിപ്രയാപ്പെട്ടു.

മനുഷ്യർ തങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. ദേഷ്യം ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ മനുഷ്യരുടെ പ്രതിരോധശക്തിയെ ക്ഷയിപ്പിക്കും. ഏഴ് ബില്യൺ ജനങ്ങളിൽ ഒരു ബില്യൺ അവിശ്വാസികളുളളപ്പോൾ, ആറ് ബില്യൺ ദൈവത്തിന്രെ കുട്ടികളാണ്. ലോകത്തിന്രെ പ്രശ്നങ്ങൾ സംഭാഷണങ്ങളിലൂടെ പരിഹരിക്കാവുന്നതാണ്.  ചൈനീസ് സർക്കാരിന്രെ വിദ്വേഷം കാരണം 1959 ൽ അഭയാർത്ഥിയായി ടിബറ്റിൽ  നിന്നും ഇന്ത്യയിലേയ്ക്ക് എത്തിയതാണ് ദലൈലാമ.

ലോകസമാധാനത്തിനായി ഇന്ത്യ അതിന്രെ പാരമ്പര്യ വിജ്ഞാനവും വിദ്യകളും വിനിയോഗിക്കണം. കമ്മ്യൂണിസ്റ്റ് ആശത്തിനപ്പുറത്തുളള സാധ്യതകൾ ചൈനയ്ക്കുണ്ട്. പണക്കാരും പാവപ്പെട്ടവരും തമ്മിലുളള അകലം വർധിക്കുകയാണ്. ഇത് ധാർമികമായി തെറ്റാണ്. ഈ അന്തരം മണിപ്പൂരിൽ മാത്രമല്ല, ഇന്ത്യയിലാകെ ദൃശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആയിരം വർഷത്തെ അഹിംസയുടെ പാരമ്പര്യമുളള ഇന്ത്യ പാരമ്പര്യ അറിവുകൾ വീണ്ടെടുത്ത് ലോക സമാധാനം ഉറപ്പിക്കാനായി ശ്രമിക്കണം. ഇന്ന് നമ്മൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളും നമ്മൾ തന്നെ സൃഷ്ടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രഭാഷണത്തിൽ 58 വർഷം മുമ്പ് ഇന്ത്യയിലേയ്ക്ക് അഭയാർഥിയായി വന്ന കാലം അദ്ദേഹം ഓർമിച്ചു. ഒരു ലക്ഷത്തോളം ടിബറ്റൻകാർ ഇന്ത്യയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ