കൊൽക്കത്ത: അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷം പരാജയപ്പെട്ടതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പാര്‍ലമെന്റിന് പുറത്ത് ബിജെപിക്ക് ഭൂരിപക്ഷമില്ലെന്നും അടുത്ത വര്‍ഷത്തോടെ പാര്‍ട്ടി അധികാരത്തില്‍ നിന്നും പുറന്തള്ളപ്പെടുമെന്നും മമത ബാനര്‍ജി പറഞ്ഞു. കൊല്‍കത്തയില്‍ പാര്‍ട്ടിയുടെ വാര്‍ഷിക രക്തസാക്ഷി ദിന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

കുറച്ച് മാസങ്ങളായി ആള്‍ക്കൂട്ട കൊലപാതകം പ്രോത്സാഹിപ്പിച്ച് രാജ്യത്ത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് ബിജെപി പടര്‍ത്തുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. ‘താലിബാനി ഹിന്ദുക്കളാണ്’ ബിജെപിയെ നയിക്കുന്നതെന്നും ‘മോദിയുടെ കൈകളില്‍ കലാപത്തിന്റെ രക്തക്കറ’ ഉണ്ടെന്നും മമത കുറ്റപ്പെടുത്തി.

ബിജെപി എംപിയായിരുന്ന ചന്ദന്‍ മിത്രയും മറ്റ് പാര്‍ട്ടികളില്‍ നിന്നുളള ആറ് നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സമര്‍ മുഖര്‍ജി, അബു താഹര്‍, സബിന യാസ്മിന്‍, അഖ്രുസമാന്‍, സിപിഎം നേതാവായ മൊയീനുല്‍ ഹസന്‍, മിസോറാം എജി ബിശ്വജിത് ദേവ് എന്നിവരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കേന്ദ്രത്തിൽ നിന്ന് തൂത്തെറിയാനായി പ്രവർത്തിക്കാൻ മമതാ ബാനർജി ആഹ്വാനം ചെയ്തു. ‘ബി.ജെ.പിയെ അകറ്റൂ,​ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ക്യാന്പെയിൻ നടത്താൻ തീരുമാനിച്ചതായും മമത പറഞ്ഞു. സമാന ചിന്താഗതിക്കാരായ കക്ഷികളുമായി ചേർന്നായിരിക്കും ക്യാന്പെയിൻ സംഘടിപ്പിക്കുക.

‘ബി.ജെ.പിയുടെ ഭരണകാലത്ത് രാജ്യത്ത് പാവപ്പെട്ടവരെ തല്ലിക്കൊല്ലുകയാണ്. താലിബാൻ ഭീകരരെ പോലെയാണ് ബി.ജെ.പിക്കാർ പെരുമാറുന്നത്. ബി.ജെ.പിയിലും ആർ.എസ്.എസിസും നല്ലവരായ കുറച്ച് പേരുണ്ട്. അവരോട് തനിക്ക് ബഹുമാനമാണ്. എന്നാൽ,​ മറ്റു ചിലരാകട്ടെ വൃത്തികെട്ട രാഷ്ട്രീയക്കളി കളിക്കുന്നവരാണ്. ഇത്തരക്കാരെ അടുപ്പിക്കരുതെന്നും മമത പറഞ്ഞു.

21july Express photo Shashi Ghosh

ഒരു പന്തൽ പോലും നിർമിക്കാൻ കഴിയാത്തവരാണ് രാജ്യത്തെ നിർമിക്കുമെന്ന് പറയുന്നതെന്ന് മമത പരിഹസിച്ചു. മിഡ്നാപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ പന്തൽ തകർന്ന സംഭവത്തെ സൂചിപ്പിച്ചായിരുന്നു മമതയുടെ ഈ പ്രസ്താവന. ആഗസ്റ്റ് 15ലെ ക്യാന്പെയിൻ കൂടാതെ അടുത്ത വർഷം ജനുവരി 19ന് രാജ്യത്താകമാനമുള്ള നേതാക്കളെ ഉൾക്കൊള്ളിച്ചു കൊണ്ട് മെഗാറാലി നടത്തുമെന്നും മമത പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook