കുമളി: കേരള – തമിഴ്നാട് അതിർത്തിയിൽ മീശപ്പുലിമലയ്ക്ക് സമീപം തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ ഒമ്പത് പേർ വെന്തുമരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍ താത്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചു. ട്രക്കിംഗും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കി മാത്രമെ വിനോദസഞ്ചാരികള്‍ക്ക് അനുമതി നല്‍കുകയുളളു. സംസ്ഥാനത്തെ പല വന്യജീവി സങ്കേതങ്ങളിലും കാട്ടുതീ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന വനംവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

തേനിയിലെ കാട്ടുതീയില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തീ നിയന്ത്രണവിധേയമായി. ഏഴ് പേർ കാട്ടുതീയുണ്ടായ ഭാഗത്ത് കുടുങ്ങിക്കിടപ്പുണ്ടായിരുന്നു. ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

കുടുങ്ങിക്കിടക്കുന്നവരിൽ സ്ത്രീകളുമുണ്ട്. കൊരങ്ങിണി വനത്തിൽ നിന്നുള്ള അതിദാരുണമായ വിഡിയോകളും രക്ഷാപ്രവർത്തകർ പുറത്തുവിട്ടു. രക്ഷാപ്രവർത്തനം പോലും അസാധ്യമായ ഇടങ്ങളിലാണ് പലരും കുടുങ്ങിക്കിടക്കുന്നത്. വ്യോമസേനയുടെ സഹായത്തോടെ ഇവരെ രക്ഷപ്പെടുത്താനാണ് ശ്രമം. എന്നാൽ ഇവർക്ക് 80 ശതമാനത്തിലേറെ പൊളളലേറ്റിട്ടുണ്ടാകാമെന്നാണ് രക്ഷാപ്രവർത്തകരുടെ നിഗമനം.

ആകെ 37 പേരാണ് ട്രക്കിംഗിനായി കൊളുക്കുമലയിൽ എത്തിയത്. ഇവർ ഇവിടെ നിന്നും മടങ്ങിവരുന്നതിനിടെയാണ് തീയിൽ അകപ്പെട്ടത്. ആകെ 19 പേരെ രക്ഷപ്പെടുത്തി. ശേഷിച്ചവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് കളക്ടർ പറഞ്ഞു.

ഇതിൽ ഒൻപതു പേരെ ബോഡിനായ്ക്കന്നൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപ്പൂരിൽനിന്നുള്ള രാജശേഖർ (29), ഭാവന (12), മേഘ (ഒൻപത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂർ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27) ചെന്നൈ സഹാന (20) തുടങ്ങിയവരാണു പരുക്കേറ്റത്.

വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. 10 കമാൻഡോകളും മെഡിക്കൽ സംഘവും ഇവിടെയെത്തി. ഉപമുഖ്യമന്ത്രി ഒ. പനീർസെൽവത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായിരിക്കുന്നത്.

വിനോദസഞ്ചാരത്തിന് എത്തിയവരാണ് കാട്ടുതീയിൽ അകപ്പെട്ടത്. ചെന്നൈയിൽ നിന്നെത്തിയ 24 പേരിൽ ഭൂരിപക്ഷവും ഐടി ജീവനക്കാരാണെന്നാണു സൂചന. ചെന്നൈ ട്രക്കിങ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ഒരു സംഘം. ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽനിന്ന് 13 കോളജ് വിദ്യാര്‍ഥികളും. ആകെയുള്ള 37 പേരില്‍ എട്ടു പുരുഷന്മാരും 26 സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നതായി തേനി കലക്ടർ പല്ലവി പൽദേവ് പറഞ്ഞു.

രക്ഷാപ്രവർത്തനത്തിന് ഭക്ഷണവും മരുന്നുമായി ഇടുക്കി പൊലീസും എത്തിയിട്ടുണ്ട്. മൂന്നാർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് നേരത്തേത്തന്നെ എത്തിയിരുന്നു. കേരളത്തിൽ നിന്ന് അഗ്നിശമന സേനയുടെ സഹായവും ഉറപ്പു വരുത്തുന്നുണ്ട്.

പരുക്കേറ്റവരെ കലക്ടറും മന്ത്രിമാരും സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വനംവകുപ്പു മന്ത്രിക്കു നിര്‍ദേശം നൽകിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. സംഭവത്തിന്മേൽ അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തേനി ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ഉപമുഖ്യമന്ത്രി ചർച്ച നടത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ