ഹൈദരാബാദ്: തെലങ്കാനയിൽ കാലാവധി തികയും മുമ്പേ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് കളമൊരുക്കിയ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന് കനത്ത വെല്ലുവിളി. പ്രതിപക്ഷത്ത് കോണ്‍ഗ്രസ്-ടിഡിപി-സിപിഐ സഖ്യത്തില്‍ സീറ്റ് ധാരണയായതായി റിപ്പോര്‍ട്ട്. ആകെയുള്ള 119 സീറ്റുകളില്‍ കോണ്‍ഗ്രസ് 90 സീറ്റുകളിലും ബാക്കി സീറ്റുകള്‍ സഖ്യ കക്ഷികള്‍ക്കും നല്‍കാനാണ് ധാരണ.

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയും സിപിഐയും കൈകോർത്താൽ കോൺഗ്രസിന് അധികാരം പിടിക്കാൻ സാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. സീറ്റ് വിഭജന ചർച്ചകളിലേക്ക് മൂന്ന് പാർട്ടികളും കടന്നതായാണ് ഏറ്റവും പുതിയ വാർത്ത.

മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് 90 സീറ്റുകളിൽ മത്സരിച്ചേക്കും. 20 സീറ്റിൽ ടിഡിപിയും ബാക്കിയുളളവയിൽ സിപിഐയും മത്സരിക്കും. തെലങ്കാനയിൽ സ്വാധീനം തീർത്തും നഷ്ടമായ ടിഡിപിക്ക് ഇപ്പോഴും സ്വാധീനമുളള മേഖലയുണ്ട്. സിപിഐക്കും ചില പ്രദേശങ്ങളിൽ വ്യക്തമായ സ്വാധീനമുണ്ട്. ഇത് വോട്ടായി മാറിയാൽ ടിആർഎസിനെ മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് വിശാല പ്രതിപക്ഷ ഐക്യത്തിന് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയും കൂടി കൈകോർക്കുന്നതിലേക്ക് തെലങ്കാനയിലെ പുതിയ സഖ്യം വഴിതുറക്കും. പുതിയ സഖ്യം യാഥാർത്ഥ്യമായാൽ തെലങ്കാനയിൽ ബിജെപി മൂന്നാം സ്ഥാനക്കാരാവും. ടിആർഎസുമായി സഖ്യത്തിന് ബിജെപി ശ്രമിച്ചെങ്കിലും ഇത് ചന്ദ്രശേഖർ റാവു നേരത്തെ തളളിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook